Wednesday, October 4, 2017

കവിവരകൾ പ്രകാശിതമായി !


പുലിറ്റ്സർ ബുക്ക്‌സ് പ്രസിദ്ധീകരിച്ച 'കവിവരകൾ' എന്ന കൂട്ടായ കവിതാസമാഹാരം സെപ്റ്റംബർ 30 നു തൃശൂർ സാഹിത്യ അക്കാദമിയിൽ വെച്ചു വെളിച്ചം കണ്ട വിവരം സസന്തോഷം അറിയിച്ചുകൊള്ളുന്നു. ഞാൻ ഉൾപ്പെടെ 12 പേരുടെ കവിതകളാണ് ഇതിലുള്ളത്. ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും നന്ദിയും സ്നേഹവും...  




വോൾട്ടേജ് 

ആറ്റുനോറ്റുണ്ടായ കണ്മണി പെൺകുഞ്ഞായതിൽ 
അമ്മയുമമ്മൂമ്മയും സന്തോഷിച്ചു 
അച്ഛനവൾ പുന്നാരമുത്തായി
 മുത്തശ്ശനോ അമ്മുക്കുട്ടിയും 

പഠനത്തിന്റെ വഴികളിൽ, അച്ഛനുമമ്മയും മുത്തശ്ശനും 
വഴികാട്ടികളായി, തിരിതെളിച്ചു മുൻപേ നടന്നു 

പടവുകളോരോന്നായി മികവോടെ 
ചവിട്ടിക്കേറിയവൾ
വീട്ടിനു വിളക്കായി തെളിഞ്ഞു നിന്നു 

പാട്ടും നൃത്തവുമായി 
ചിരിയുടെ പൂത്തിരി കത്തിച്ചവൾ 
കൂട്ടുകാരുടെ പ്രിയപ്പെട്ടവളായി 

മികവോടെ ജോലി ചെയ്ത് 
മേലധികാരികളുടെ 
പ്രശംസാപാത്രമായി 

കല്യാണപ്പട്ടികയിൽ മാത്രം 
'വോൾട്ടേജ്' കുറവെന്ന പേരിൽ 
അവളുടെ സ്ഥാനം താഴേക്കായി ...! 


പ്രണയത്തിന്റെ മതം

ചോരയുടെ  ചുവപ്പ് ഇപ്പോഴും വസ്ത്രത്തിലുണ്ട് 
അതിന്റെ മണം ചുറ്റിലുമുണ്ട് 
ഇന്നും ക്യാമറകളുടെ തിരക്കുതന്നെ 
ഇന്നലെയും മിനിയാന്നും അതങ്ങനെതന്നെ 

വലിയ വലിയ എഴുത്തുകാർ 
എന്റെ പേരിൽ കവിതകളും കഥകളും   
വികാരഭരിതരായി വേദികളിൽ
 അവതരിപ്പിക്കുന്നുണ്ടത്രേ  
മന്ത്രിമാരും പാതിരിമാരും 
കണ്ണുനിറച്ച് സഹതപിക്കുന്നുണ്ടത്രേ

ചുണ്ടും നാവും വരളുന്നു ,
 ഒരിറ്റു വെള്ളം കിട്ടിയെങ്കിൽ...!

ഞാൻ സ്നേഹിച്ചവന്, എന്നെ സ്നേഹിച്ചവന്
മതമുണ്ടെന്ന് അവർ പറഞ്ഞു 
അതാണീ ചുവപ്പായി എന്നിൽ പടർന്നിരിക്കുന്നത് 
അവന്റെ  ജീവന്റെ നിറം ...!!


ഫേസ്ബുക്ക് പ്രണയം 

 ഫേസ് ബുക്കിൽ കണ്ടുമുട്ടിയ ആദ്യ നാളുകളിൽ 
നീ പറയുന്നതിലെല്ലാം കവിത തുളുമ്പുന്നുവെന്ന് അവൻ 

എല്ലാ പ്രഭാതങ്ങളും നിന്റെ മൊഴികൾക്കായി കൊതിക്കുന്നുവെന്നും 
എല്ലാ രാത്രികളും നിന്റെ സ്വരം കേട്ടുറങ്ങാൻ മോഹമെന്നും 
അവൻ ഇൻബോക്സിൽ മെസേജുകൾ അയച്ചു 

പ്രണയത്തിന്റെ തീരാവേദനയിൽ അവന്റെ 
മെസേജുകളിൽ കണ്ണീർ തുളുമ്പിനിന്നു

ഇൻബോക്സിൽ നിന്നിറങ്ങിയ പ്രണയം 
ഹോട്ടൽമുറിയിലെ കിടക്കയിൽ 
ദാഹവും മോഹവും തീർത്തു 

പിന്നെയുള്ള പ്രഭാതങ്ങളും ഇരവുകളും 
അവന്റെ മെസേജിനായി അവൾ കാത്തിരുന്നു 

അവനോ, ഫേസ്ബുക്കിൽ അടുത്ത 
ഇരയുടെ പ്രൊഫൈൽ  തിരയുന്ന
തിരക്കിലായിരുന്നു... !!   


അമ്മദിനം 

ഇന്ന് , അമ്മ ദിനമാണത്രേ...!

മകന്റെ ചീത്ത വിളിയിൽ 
ദിവസങ്ങളുടെ ആവർത്തനം 

അടുക്കളക്കോലായിൽ  
ഗ്ലാസ്സിന്റെ വക്കിലൂടെ ട്രപ്പീസ് കളിക്കുന്ന 
ഉറുമ്പിൻകുഞ്ഞുങ്ങളെയും പേറി 
അമ്മക്കുള്ള കട്ടൻചായ 
തണുത്തു വിറങ്ങലിച്ചു  


ചുക്കിച്ചുളിഞ്ഞ  കോലത്തെ 
അമ്മയെന്നു വിളിക്കാൻ 
മറന്നു പോയ മകൻ 
' തള്ളേ '  വിളിയിലും  
ആനന്ദിക്കുന്നു   അമ്മ 
  

അമ്മ ദിനാഘോഷത്തിന് 
താജിലാണ് 'ലഞ്ച്' 
മകനും മരുമോളും ഒരുങ്ങുകയാണ്
മരുമകൾ അവിടെ കവിത വായിക്കുമത്രേ
കേൾവിക്കാരുടെ  
കണ്ണുനിറക്കുന്ന കവിത   

ഇത്തിരി കഞ്ഞി കിട്ടിയെങ്കിൽ 
എന്ന ആശയെ ഭയത്താൽ 
കുഴിച്ചു മൂടി അമ്മ 
വീടിനു പിന്നാമ്പുറത്ത് 
ചുരുണ്ടു കൂടി 

ആയുസു നീട്ടിക്കൊടുക്കുന്ന 
പെൻഷന് സർക്കാരിനു  നന്ദി

ഇന്ന് , അമ്മ ദിനമാണത്രേ ...! 





Friday, September 29, 2017

വാക്കുകൾ പൂത്തിറങ്ങിയ തെരുവ്

                      



ഞായറാഴ്ച്ച രാവിലെ വാട്ട്സാപ്പിലെ 'വായനാരാമം' ഗ്രൂപ്പിൽ നിർമ്മലയുടെ മെസേജ്, "ആരെങ്കിലും 'The Word On The Street' പരിപാടിക്കു പോയതിന്റെ ഫോട്ടോയിട്ടാൽ, അസൂയ കൊണ്ടു ഞാൻ മരിക്കും ... " യ്യോ, പാവം! ആരെങ്കിലും ഒന്നു വേഗം ഫോട്ടോ ഇട്ടിരുന്നെങ്കിൽ... ! :)

അധികം വൈകാതെ, "കുഞ്ഞേച്ചി ഫ്രീയാണോ, 'The Word On The Street' കാണാൻ പോയാലോ...? "  എന്ന മുബിയുടെ സന്ദേശമെത്തി. "ഫ്രീയല്ലെങ്കിൽ, ഫ്രീയാക്കും, പോകാം..." മറുകുറി ടൈപ്പു ചെയ്തു അടുക്കളയിലേക്കോടി. ചായ ഉണ്ടാക്കിക്കുടിച്ച്, പെട്ടന്നൊരു ചോറും കൂട്ടാനും ഉണ്ടാക്കി. അടുക്കളയിലെ കോലാഹലം കേട്ടുവന്ന മോളോട് കാര്യം പറഞ്ഞപ്പോൾ, അവൾക്കുമുത്സാഹം... അങ്ങനെ, പെട്ടെന്നുതന്നെ പദ്ധതികൾ ആസൂത്രണം ചെയ്യപ്പെട്ടു. മുബിയെ, ഇസ്ലിങ്ട്ടൻ സബ് വേ സ്റ്റേഷനിലും നിർമ്മലയെ, യൂണിയൻ സ്റ്റേഷനിലും സന്ധിക്കാമെന്ന് കരാറാക്കി. ഇസ്ലിങ്ട്ടണിൽ നിന്നു മുബിയെയും കൂട്ടി യൂണിയനിലെത്തിയപ്പോൾ ആൾക്കൂട്ടത്തിൽ നിന്നും നിർമ്മലയതാ മുന്നിൽ.... !!




അവിടെ നിന്നു ഹാർബർഫ്രണ്ടിലെ മൈതാനത്തേക്കു നിർമ്മല വഴികാട്ടിയായി.... ചുറ്റുമുള്ള ആൾക്കൂട്ടവും ഹാർബർഫ്രണ്ടിലേക്കു തന്നെ.... അവിടുന്നു ബോട്ടിലും കപ്പലിലുമായി ഉല്ലാസയാത്രയ്ക്കു സൗകര്യമുണ്ട്. മിക്കവരുടെയും ലക്ഷ്യമതാണ്. തീ പോലെ പൊള്ളുന്ന പകൽ,  സെപ്റ്റംബറിൽ സാധാരണ പതിവില്ലാത്തതാണ്. എങ്കിലും ആ മൈതാനത്തു വാക്കുകൾ പൂത്തുലഞ്ഞു നിന്നു.... ഇലകൾ പച്ചച്ചും പൂക്കൾ മഞ്ഞച്ചും അവയങ്ങനെ തമ്പുകൾക്കുള്ളിൽ ചിതറിക്കിടന്നു.... എന്നെയെന്നെയെന്ന് പുസ്തകങ്ങൾക്കുള്ളിൽ നിന്നു നേർത്ത മർമരമായി ഹൃദയത്തെ തൊട്ടുവിളിച്ചു.... വെളുത്ത കൊച്ചുകൊച്ചു കൂടാരങ്ങൾ മൈതാനം മുഴുവൻ നിരന്നു കിടക്കുന്നു.... അവയിൽ പുസ്തകങ്ങൾ മാത്രമായിരുന്നില്ല, എഴുത്തുകാരും വായനക്കാരെ കാത്തിരുന്നിരുന്നു....           


1990 മുതൽ എല്ലാ വർഷവും സെപ്റ്റംബറിലെ ഒരു ഞായറാഴ്ചയിൽ നടത്തപ്പെടുന്ന പുസ്തകോത്സവമാണ്, 'The Word On The Street' . ടൊറന്റോ ഉൾപ്പെടെ ക്യാനഡയിലെ അഞ്ചു നഗരങ്ങളിലായി വർഷംതോറും നടക്കുന്ന ഈ ഉത്സവത്തിൽ എഴുത്തുകാരും പ്രസാധകരുമായി നൂറുകണക്കിനു പേരുണ്ടാകും. ആദ്യമൊരു  ഓട്ടപ്രദക്ഷിണത്തിലൂടെ   എന്തൊക്കെ, ഏതൊക്കെയെന്ന് മനസ്സിലാക്കി. കൂടാരങ്ങളെ ഏഴു മണ്ഡലങ്ങളായി തരംതിരിച്ചിട്ടുണ്ട്.  ഒന്റാരിയോയുടെ ഉജ്ജ്വലശബ്ദം, കനേഡിയൻ മാസികകൾ, ടൊറന്റോ പുസ്തകപുരസ്‌ക്കാരങ്ങൾ, തദ്ദേശീയശബ്ദം, ആത്മീയം, പാചകം, കുട്ടികളുടെ ശബ്ദം തുടങ്ങിയ ഓരോ മണ്ഡലങ്ങളിലും നിരവധി അനുബന്ധകൂടാരങ്ങൾ....    


                      



ആദ്യകാഴ്ചയ്‌ക്കൊടുവിൽ, ' Vibrant Voices of Ontario' യുടെ തമ്പിൽ 'Resilence' ന്റെ രചയിതാവായ Lisa Lisson, 'Love and Laughter in the time of chemotherapy' യുടെ രചയിതാവായ Manjusha Pawagi എന്നിവരുടെ പ്രഭാഷണം കേൾക്കാൻ കയറി. ദുഷ്‌കരമായ ജീവിതയാത്രയുടെ വിവിധ വഴിത്താരകളെക്കുറിച്ചായിരുന്നു മുഖ്യമായും അവർ സംസാരിച്ചത്. തുടർന്ന്, കുറ്റാന്വേഷണകഥകൾ എഴുതുന്ന Robert Rotenberg, തന്റെ പുതിയ നോവലായ ' Heart of the city' എന്ന നോവലിലെ കുറച്ചു ഭാഗങ്ങൾ വായിക്കുകയും പരിചയപ്പെടുത്തുകയും ചെയ്തു.  ഈ വഴി ആദ്യം വന്നപ്പോൾ, 'Great Gould' ന്റെ രചയിതാവായ Peter Goddard ആയിരുന്നു സംസാരിച്ചുകൊണ്ടിരുന്നത്. തമ്പിന്റെ അകത്തു കേറിയിരുന്നാലല്ലാതെ ഒന്നും കേൾക്കാനാവില്ല. അകത്താണെങ്കിൽ ഇരിപ്പിടമൊന്നും ഒഴിവുമില്ല. അതിനാൽ, തമ്പിനു പുറത്തു തൂക്കിയിട്ടിരുന്ന ലിസ്റ്റൊക്കെ നോക്കി തിരിച്ചുപോയിരുന്നു. 


അവിടുന്നിറങ്ങി കൂടാരങ്ങൾക്കിടയിലൂടെ വീണ്ടുമൊന്നു കറങ്ങി, ഞങ്ങൾ ഹാർബർഫ്രണ്ട് സെന്റർ തീയേറ്ററിലെത്തി. അവിടെ, ആമസോൺ ഡോട്ട് സിഎയുടെ ' Best sellers stage' എന്ന പരിപാടിയായിരുന്നു. ഞങ്ങളെത്തുമ്പോഴേയ്ക്കും David Zusuki' യുടെ പ്രഭാഷണം കഴിഞ്ഞുപോയിരുന്നു. അദ്ധേഹവും Ian Hanington ണും ചേർന്നെഴുതിയ 'Just Cool It' എന്ന പുസ്തകമായിരുന്നു അവിടെ പരിചയപ്പെടുത്തിയത്. Ron Sexsmith, ' Deer Life' എന്ന സ്വന്തം കൃതിയെപ്പറ്റി സംസാരിക്കുന്നതിനിടയിലാണ് ഞങ്ങൾ അകത്തു കേറുന്നത്. തുടർന്ന്, Terry Fallis, ' One Brother Shy' എന്ന പുസ്തകവും Peter Unwin, ' Searching for Petronius Totem' എന്ന പുസ്തകവും പരിചയപ്പെടുത്തുകയും വായനക്കാരുമായി സംവദിക്കുകയും ചെയ്തു. 

രാവിലെ മുതൽ, വിവിധയിടങ്ങളിലായി ധാരാളം എഴുത്തുകാർ, വായനക്കാരുമായി സംവദിക്കുകയും തങ്ങളുടെ പുസ്തകങ്ങൾ പരിചയപ്പെടുത്തുകയും ചെയ്യുന്നുണ്ട്. വളരെക്കുറച്ചു എഴുത്തുകാരെയേ ഞങ്ങൾക്കു കേൾക്കാൻ കഴിഞ്ഞുള്ളൂ... 


വീണ്ടും, തമ്പുകൾക്കിടയിലൂടെ ചുറ്റിക്കറങ്ങി, ഒരു ചായ തേടിയുള്ള അന്വേഷണവുമായി കായൽക്കരയിലെത്തി. അവിടെ, പുറപ്പെടാനൊരുങ്ങി ഒരു കൊച്ചു കപ്പൽ കിടപ്പുണ്ട്....  യാത്രക്കാർ കേറുന്ന കാഴ്ചയും നോക്കി മരത്തണലിൽ കുറച്ചുനേരം നിന്നു... പിന്നെ, വാക്കുകൾ പൂത്തിറങ്ങിയ വഴികളിലൂടെ മടങ്ങുമ്പോൾ, ഒക്ടോബറിൽ നടക്കാൻ പോകുന്ന രചയിതാക്കളുടെ അന്തർദ്ദേശീയോത്സവമായ ' International Festival of Authors' ന്റെ  ലഘുലേഖയിലെ അക്ഷരങ്ങൾ ഹൃദയത്തിലേക്കു ചേർന്നിരുന്നു പുഞ്ചിരിച്ചു. 






Saturday, September 23, 2017

കനേഡിയൻ റോക്കീസിലെ ഹിമാനി സാഹസം (മൂന്നാം ഭാഗം)




ഗ്ലേഷ്യറിന്റെ താഴ്വാരത്തുള്ള ഡിസ്‌കവറി സെന്ററിൽ ഞങ്ങൾ എത്തുമ്പോൾ ഏതാണ്ട് എട്ടര മണിയായി. അവിടെയുള്ള ഫുഡ് കോർട്ടിൽ നിന്ന് പ്രാതലും കഴിച്ചുവന്ന ഞങ്ങളെ ഒരു ഗൈഡ് അകത്തേക്കു കൂട്ടിക്കൊണ്ടുപോവുകയും ബസിൽ കേറാനുള്ള ലൈനിൽ നിർത്തുകയും ചെയ്തു. ആ കുഴലിലൂടെ നടക്കുമ്പോൾ ഒരു പെരുമ്പാമ്പിന്റെ വയറ്റിലൂടെ പോകുന്ന പോലെ തോന്നി. പുറത്തെത്തിയ ഞങ്ങൾ കണ്ടത് നിരനിരയായിക്കിടക്കുന്ന കുറെ ബസുകളാണ്‌. യാത്രക്കാർ, നിരയായി ഒരു ബസിൽ കയറുകയും അത് നിറഞ്ഞു കഴിയുമ്പോൾ അടുത്ത ബസിൽ കയറുകയും ചെയ്തു കൊണ്ടിരുന്നു. അതോടൊപ്പം, ബസുകൾ പോവുകയും വരികയും ചെയ്യുന്നുമുണ്ട്. അത്രയേറെ ആളുകൾ യാത്രയ്ക്കായി അവിടെ ഉണ്ടായിരുന്നെങ്കിലും ഒരു തരത്തിലുമുള്ള തിരക്കോ ബഹളമോ ഇല്ലായിരുന്നു.  ഡിസ്ക്കവറി സെന്ററിൽ നിന്നു, ' ഐസ് എക്‌സ്‌പ്ലോറർ' എന്ന പ്രത്യേകവാഹനത്തിൽ കേറാനായി അടിവാരംവരെ എത്തിക്കാനുള്ളതാണ് ഈ ബസുകൾ. ഹിമപ്പരപ്പുകളിൽ ഓടിക്കാനുള്ള സംവിധാനങ്ങൾ ഉള്ളതാണ് 'ഐസ് എക്‌സ്‌പ്ലോറർ'. ഇതിന്റെ ഭീമമായ ടയറുകൾ ഐസിൽ സുരക്ഷിതമായ യാത്രയ്ക്കു സഹായിക്കുന്നു. ഏകദേശം അമ്പതുപേർക്ക് ഒരേസമയം യാത്ര ചെയ്യാൻ കഴിയുന്നതാണ് 'ഐസ് എക്‌സ്‌പ്ലോറർ'. അടിവാരത്തിലെത്തിയ ഞങ്ങളെക്കാത്ത് ഒരു 'ഐസ് എക്‌സ്‌പ്ലോറർ ' കിടപ്പുണ്ടായിരുന്നു. വരിവരിയായി യാത്രക്കാരെല്ലാം കേറിക്കഴിഞ്ഞപ്പോൾ ഡ്രൈവറായ ലൂയീസും ഗൈഡ് കാരലിനും സ്വയം പരിചയപ്പെടുത്തുകയും യാത്രയെപ്പറ്റി വിശദീകരിക്കുകയും ചെയ്തു. 

വേനൽക്കാലത്തിന്റെ അവസാനത്തിലെ ഓഗസ്റ്റിലായിരുന്നു ഞങ്ങളുടെ യാത്ര. സൂര്യപ്രകാശം തട്ടി തിളങ്ങുന്ന മലയടിവാരങ്ങളിൽ നിന്നും ഉയർന്നുപൊങ്ങുന്ന മഞ്ഞിൻപടലങ്ങൾ ആകാശത്തെ തൊട്ടുതൊട്ടില്ല എന്ന മട്ടിൽ കള്ളനും പോലീസും കളിക്കുന്നു..... കാഴ്ചകൾ കണ്ടങ്ങനെയിരിക്കുമ്പോൾ, ലൂയിസിന്റെ ശബ്ദം മൈക്കിലൂടെ മുഴങ്ങി, "എല്ലാവരും ഇടതുവശത്തേക്കു ശ്രദ്ധിക്കുക. അവിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള കോണിഫറസ്‌ മരങ്ങളും പൈൻ മരങ്ങളും കാണാം. അവയുടെ കമ്പുകളും ഇലകളും ഒരു വശത്തേക്കു മാത്രം വളരുന്നു. സ്ഥിരമായി കാറ്റടിച്ചും മഞ്ഞുവീണും അവ അങ്ങനെയായി മാറിയതാണ്." ഞങ്ങളുടെ ഇരിപ്പിടം വലതുവശത്തായിപ്പോയതിനാൽ ഇടതുവശത്തെ ജനൽചതുരം നൽകിയ കാഴ്‌ചകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. അപ്പോഴേക്കും അടുത്ത   അറിയിപ്പെത്തി, " നമ്മൾ , ഗ്ലേഷ്യറിലേക്ക് പ്രവേശിക്കാൻ പോവുകയാണ്, അതിനു മുൻപായി ടയറുകൾ വൃത്തിയാക്കാനായി ഒരു ചെറിയ അരുവിയിലേക്ക് ഇറങ്ങുകയാണ് നമ്മൾ...." പെട്ടന്ന്, ബസിനകം നിശബ്ദമായി. എല്ലാവരും ഒരു നിമിഷം ശ്വാസമടക്കിപ്പിടിച്ച പോലെ.... ബസ്, മെല്ലെ അരുവിയിൽ ഇറങ്ങിക്കയറി, കടന്നുവന്ന പാതകളിലെ അഴുക്കുകൾ കഴുകിക്കളഞ്ഞ് ഗ്ലേഷ്യറിലേക്കു പ്രവേശിച്ചു. ഇനിയുള്ള യാത്ര, ഗ്ലേഷ്യറിനു മുകളിലൂടെയാണ്... 


ഐസ് എക്‌സ്‌പ്ലോറർ മെല്ലെയുരുളുകയാണ്. ചുറ്റും ഹിമപ്പരപ്പുമാത്രം. ഏതോ സ്വപ്നലോകത്തിലെന്നപോലെ ഒഴുകിപ്പോയി നിരപ്പായ ഒരിടത്ത് വണ്ടി നിറുത്തുമ്പോൾ, "അരമണിക്കൂർ സമയമുണ്ട്. അധികദൂരം പോകരുത്. അടയാളപ്പെടുത്തിയിരിക്കുന്ന പ്രദേശത്തിനു പുറത്തുപോകരുത്...." എന്നൊക്കെ ലൂയീസ് എല്ലാവർക്കും ചില മുന്നറിയിപ്പുകൾ  നൽകി.

മെല്ലെ ഗ്ലേഷ്യറിലേക്ക്.... ആയിരക്കണക്കിനു വർഷങ്ങളിൽ ശേഖരിക്കപ്പെട്ടിട്ടുള്ള മഞ്ഞുപാളികളുടെ  മുകളിലൂടെയാണ് നടക്കുന്നതെന്ന ഓർമ്മയിൽ ദേഹമാകെ ഒരു തരിപ്പ് പടർന്നു കയറി. ശൈത്യത്താൽ ഉറച്ചതെങ്കിലും എപ്പോൾ വേണമെങ്കിലും വിള്ളലുകൾ ഉണ്ടാകാമെന്ന അറിയിപ്പുകൾ പലയിടത്തും കണ്ടിരുന്നെങ്കിലും ഹിമപരപ്പിന്റെ  മാസ്മരികത, അതെല്ലാം പിന്നിൽത്തള്ളി മുന്നോട്ടു നടക്കാൻ മോഹിപ്പിച്ചു.....  ആ ഭാഗങ്ങളിലൂടെ വേലികെട്ടിത്തിരിച്ചിരിക്കുന്നിടം വരെ നടന്നു.... അവിടെ, മഞ്ഞുരുകി  ഒഴുകിവരുന്ന ഒരു ചാലിൽ നിന്ന് ആളുകൾ കുപ്പിയിൽ വെള്ളം ശേഖരിക്കുകയും കുടിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഞങ്ങളും ഒരു കുപ്പിയിൽ വെള്ളമെടുത്തു കുടിച്ചു. കുറച്ചു വെള്ളം കൈയിൽ കരുതുകയും ചെയ്തു. ഇത്, ലോകത്തിലെ ഏറ്റവും ശുദ്ധമായ വെള്ളമാണെന്നും ജീവന്റെ ജലമാണെന്നും  പറയപ്പെടുന്നു. 

പത്തുപതിനഞ്ചു മിനിറ്റുകൾ അവിടെ ചെലവഴിച്ചശേഷം മടങ്ങിപ്പോരുമ്പോൾ മനസ്സിന്റെ ക്യാൻവാസിൽ  നിറങ്ങളൊഴിഞ്ഞ് , മഞ്ഞിന്റെ വെണ്മയും തണുപ്പും മാത്രമായി.....  !

തിരിച്ചു ഡിസ്ക്കവറി സെന്ററിൽ എത്തിയപ്പോൾ അടുത്ത ആകർഷണമായ സ്കൈവാക്കിലേക്കുള്ള ബസ് യാത്രക്കാർക്കായി കാത്തുനില്പ്പുണ്ടായിരുന്നു. ആകാശനടത്തംകൂടി കഴിഞ്ഞിട്ടുവരുന്നതാണ് നല്ലതെന്നു ജാക്ക് നിർദ്ധേശിച്ചതിനാൽ അങ്ങനെയാവാമെന്നു ഞങ്ങളും തലകുലുക്കി, ബസിൽ കയറി. ബസിൽ ഇരിക്കുമ്പോഴേ കണ്ടിരുന്നു ആ ആകാശപാത... അവിടേക്കു പ്രവേശിക്കുന്നതിനു മുൻപേ ഒരു വഴികാട്ടി അതിന്റെ പ്രത്യേകതകൾ വിവരിച്ചു തന്നു. Sunwapta വാലിയിലൂടെ  ഏതാണ്ട് നാനൂറു മീറ്റർ വരുന്ന ഈ നടത്തത്തിൽ ആറു താവളങ്ങൾ ഉണ്ടെന്നും പാറക്കെട്ടുകൾക്കു മീതെ  918 അടി ഉയരത്തിൽ ഗ്ലാസ്സു കൊണ്ടുള്ള ഒരു തട്ടിലൂടെ മുപ്പത്തഞ്ചു മീറ്റർ നടത്തമുണ്ടെന്നുമൊക്കെ പറഞ്ഞിട്ട്, ഒരു ഓഡിയോ ഉപകരണം ഓരോരുത്തർക്കുമായി തന്നു. എന്തെങ്കിലും സംശയമുണ്ടെങ്കിൽ വിളിക്കാനായിരുന്നത്. അഞ്ചു ഭാഷകളിലായി റെക്കോർഡ് ചെയ്യപ്പെട്ട വിവരണങ്ങളാണ് അതിലുണ്ടായിരുന്നത്.  

ഓഡിയോയിലെ വിവരണങ്ങളും കേട്ടു ഞങ്ങൾ നടന്നു തുടങ്ങി. Sunwapta വാലിയുടെ ചരിത്രവും പ്രകൃതിവിവരണവുമായി തുടങ്ങി അവിടെയുള്ള ജീവജാലങ്ങൾ, മരങ്ങൾ, ഫോസ്സിൽസ് എന്നിവയെപ്പറ്റിയെല്ലാം അതിൽ വിശദമായി പറയുന്നുണ്ട്. താവളങ്ങൾ ഓരോന്നായി പിന്നിട്ട്, ഗ്ലാസ്സുകൊണ്ടുള്ള ആകാശപാതയിലേക്ക് കേറുമ്പോൾ ഹൃദയമിടിപ്പ് കൂടിയ പോലെ... താഴേക്കു നോക്കാൻ ഒരു ഭയം ... കാഴ്ചയിൽ അങ്ങുദൂരെ വരണ്ട പാറക്കെട്ടുകൾ, ഉണങ്ങിയ മരങ്ങൾ.... കാഴ്ച അവ്യക്തമാകുന്ന പോലെ.... മുൻപേ പോയ ഒരു ചൈനക്കാരൻ പയ്യൻ, നടക്കാൻ ഭയന്ന് നിലത്തിരുന്നു വാവിട്ടുകരയുന്നു....   അതുകൂടി കണ്ടപ്പോൾ ഒന്നുകൂടി ഭയമായി. എങ്കിലും കൈവരിയിൽ പിടി മുറുക്കി, പതിയെ നടന്നു .... ഏതാനും അടി നടന്നു കഴിഞ്ഞപ്പോൾപ്പിന്നെ ധൈര്യമായി... മോളാകട്ടെ, ആദ്യത്തെ കാൽവയ്‌പ്പിൽ ഭയന്നെങ്കിലും, പിന്നെ വേഗത്തിലും ഓടിയും യു ആകൃതിയിലുള്ള ഈ ആകാശപാതയിൽ രണ്ടുവട്ടം ചുറ്റി വന്നു...

2014 മെയ് മാസത്തിലാണ് ഈ ആകാശപാത, സന്ദർശകർക്കായി തുറന്നു കൊടുത്തത്. ഓഗസ്റ്റ് മാസത്തിൽ ഞങ്ങൾ ചെല്ലുമ്പോഴും അനുബന്ധജോലികൾ നടക്കുന്നുണ്ട്. എപ്പോഴും സജ്ജമായ സുരക്ഷാസേനയും ജാഗ്രതയോടെ അവിടെയുണ്ട്.

തിരികെ ബസിൽ കയറി , വീണ്ടും ഡിസ്ക്കവറി സെന്ററിലേക്ക്.... അവിടുന്നു ഉച്ചഭക്ഷണവും കഴിഞ്ഞ്, ജസ്പാറിന്റെ താഴ്വരയിലെ ഞങ്ങളുടെ താമസസ്ഥലത്തേക്കു മടക്കയാത്ര...  കൊളമ്പിയയിലെ മഞ്ഞുപാടങ്ങൾ വിവിധങ്ങളായ നിറങ്ങളിൽ, ഭാവങ്ങളിൽ യാത്രയിലുടനീളം ഞങ്ങളോടൊപ്പം ഒഴുകി....


  





Tuesday, August 15, 2017

കനേഡിയൻ റോക്കീസിലെ ഹിമാനിസാഹസം (രണ്ടാം ഭാഗം)



ഗൾഫ് ഫോക്കസ് മാസികയുടെ യാത്രാപംക്തിയിൽ...


അധികം വൈകാതെ ജാസ്പറിന്റെ ഇളം വെയിലിലേക്ക് ഞങ്ങളിറങ്ങി നടന്നു. ടൊറന്റോയിലെപ്പോലെ ഇവിടെ കാറ്റില്ലാത്തതിനാൽ സുഖമുള്ള ചെറിയ കുളിര്. പാതയ്ക്കപ്പുറത്ത് കാനഡയുടെ 'വിയ റെയിലിന്റെ' പച്ച ബോഗികൾ പ്രകൃതിയുടെ താളത്തിനൊത്ത് ശബ്ദമില്ലാതെ മെല്ലെ കടന്നു പോകുന്നുണ്ട്. അതിനപ്പുറവും മലനിരകളാണ്. നീല മലകൾ അരഞ്ഞാണം പോലെ ജാസ്പർ താഴ്വരയെ ചുറ്റിക്കിടക്കുന്നു. വേനൽക്കാലത്ത് വിനോദസഞ്ചാരികൾ ധാരാളമായി എത്തുന്നുണ്ടെങ്കിലും തെരുവോരങ്ങൾ ബഹളമില്ലാതെ ശാന്തമായിരിക്കുന്നു. അധികം കടകളോ ഒന്നുമില്ല. ജിമ്മിന്റെ കടയിൽ നിന്നും ഒരു പിസ്സയും വാങ്ങി മുറിയിൽ തിരിച്ചെത്തിയപ്പോഴേക്കും ഇരുട്ടു വീണ് മാമലകൾ കാഴ്ചക്കപ്പുറത്തായി...

രാവിലെ കൊളംബിയ ഐസ് ഫീൽഡിലേക്ക് പോകാനുള്ളതിനാൽ രാത്രിയിൽ പതിവുള്ള പുസ്തകവായനയെ അധികം നീട്ടിക്കൊണ്ടു പോയില്ല. ഐസ്ഫീൽഡ് എങ്ങനെയായിരിക്കുമെന്ന് വായിച്ചും ഇൻറർനെറ്റിൽ പരതിയും കിട്ടിയ വിവരങ്ങൾ സുനീതും മോളും ചർച്ച ചെയ്യുമ്പോൾ , ഞാൻ സാന്തയുടെ ഹിമശകടത്തിൽ കേറി കൊളംബിയ ഐസ്ഫീൽഡിലൂടെ  തെന്നിനീങ്ങി ഉറക്കത്തിലെത്തിയിരുന്നു... !!

ഞങ്ങൾ താമസിച്ചിരുന്ന ഹോട്ടലിൽ നിന്നും രാവിലെ ആറര മണിക്ക് ജാസ്പറിലെ  കൊളംബിയ ഐസ് ഫീൽഡിലേക്ക് കൂട്ടിക്കൊണ്ടു പോകാൻ ടൂർ ഓപ്പറേറ്ററുടെ വക ഒരു ചെറിയ ജീപ്പാണ് എത്തിയത്. ജാക്കായിരുന്നു, ഞങ്ങളുടെ  ഡ്രൈവർ കം ഗൈഡ്.  സ്വയം പരിചയപ്പെടുത്തി ഞങ്ങളെയും പരിചയപ്പെടുന്നതിനിടയിൽ ഞങ്ങളെ കൂടാതെ അടുത്തൊരു ഹോട്ടലിൽ നിന്നും ദമ്പതികളായ ഡാനിയേലും ജെന്നിയും കൂടിയുണ്ടാകുമെന്ന് ഞങ്ങളെ അറിയിച്ചു. ബുദ്ധിമുട്ടിന്‌ ക്ഷമാപണവുമായി തൊട്ടടുത്തു തന്നെയുള്ള ഹോട്ടലിൽ പോയി അവരെയും കൂട്ടി, ആ കുഞ്ഞുവണ്ടി മഞ്ഞുപാടങ്ങൾ  ലക്ഷ്യമാക്കി ഓടാൻ തുടങ്ങി...

വേനൽക്കാലമായിരുന്നെങ്കിലും മഞ്ഞണിഞ്ഞ മാമലകൾക്ക് നടുവിലൂടെയായിരുന്നു യാത്ര. മഞ്ഞുരുകി ഒഴുകിവരുന്ന ചാലുകൾ മലകളിലെമ്പാടും കാണാമായിരുന്നു. വേനൽ കഠിനമാകുമ്പോൾ നദികൾ നിറഞ്ഞൊഴുകുമത്രേ.... കഠിനമായ വേനൽ എന്നാൽ 20 - 25 ഡിഗ്രി ഒക്കെയാണ് ... ചിലയിടങ്ങളിൽ ചാലുകൾ , അരുവികളായി ഒഴുകുന്നുണ്ട്.

ഇപ്പോൾ ഹഡ്സൺ ബേ കമ്പനി എന്ന പേരിൽ അറിയപ്പെടുന്ന നോർത്ത് വെസ്റ്റ് കമ്പനിയിലെ 'Jasper Hawes' ന്റെ പേരാണ് ഈ സ്ഥലത്തിന് നല്കപ്പെട്ടിരിക്കുന്നത്. 1907-ൽ ജാസ്പർ ഫോറസ്ററ് പാർക്ക് സ്ഥാപിതമായെങ്കിലും 1930 - ലാണ് ജാസ്പർ ഫോറസ്ററ് പാർക്കിന് 'നാഷണൽ പാർക്ക്' പദവി ലഭിക്കുന്നത്.  2013-ലെ കണക്കു പ്രകാരം ഏകദേശം ഇരുപതുലക്ഷം പേരാണ് ആ വർഷം ജാസ്പർ സന്ദർശിച്ചത്. Edith Cavell, Pyramid Mountain, Maligne Lake, Medicine lake , Tonquin valley തുടങ്ങിയവയും ജാസ്പറിന്റെ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നുണ്ട്.

പടിഞ്ഞാറൻ മലനിരകളിലെ മഞ്ഞിന്റെ കട്ടികൂടിയ ആവരണമാണ് കൊളംബിയ മഞ്ഞുപാടങ്ങൾ. കനേഡിയൻ റോക്കീസിലെ ഏറ്റവും വലിയ ഹിമഭൂമിയാണിത്. കാനഡയിലെ മറ്റൊരു പ്രോവിൻസായ ബ്രിട്ടീഷ് കൊളംബിയയുടെ അകത്തളങ്ങളിൽ നിന്നും പസഫിക് കാറ്റ് കടത്തിക്കൊണ്ടു വരുന്ന നീർമുത്തുകളെ  കൊളംബിയ മഞ്ഞുപാടങ്ങൾക്കു ചുറ്റുമുള്ള പർവ്വതശിഖരങ്ങൾ തട്ടിയെടുത്ത് മഞ്ഞായി പൊഴിക്കുന്നു. വർഷംതോറും ഏഴു മീറ്ററോളം മഞ്ഞാണ് ഇങ്ങിനെ വീഴുന്നത്. ചെറിയ വേനല്ക്കാലത്തിൽ   ഉരുകിത്തീരാൻ കഴിയാതെ ഈ മഞ്ഞെല്ലാം അവിടെ കിടക്കും.  അങ്ങനെ ശേഖരിക്കപ്പെടുന്ന മഞ്ഞിന് മീതെ അടുത്തത് വീഴും. ചില വേനൽക്കാലത്ത് മഞ്ഞുപാളികൾ അടർന്ന് മലനിരകൾക്കിടയിലൂടെ വെളിയിലേക്കൊഴുകുന്നു. ഇവ ഹിമാനികൾ അഥവാ ഗ്ലേഷ്യർ എന്നറിയപ്പെടുന്നു.

ഉത്തരയമേരിക്കയിൽ സന്ദർശകബാഹുല്യത്തിൽ മുന്നിലാണ് അതബാസ്‌ക്ക ഗ്ലേഷ്യർ. കൊളംബിയ മഞ്ഞുപാടങ്ങളിൽ നിന്നും തുള്ളിത്തുളുമ്പി അടിത്തട്ടിലെത്തുന്ന ഗ്ലേഷ്യർ, തൂവെള്ള ചേലയുടുത്ത  ഒരു നവോഢയെപ്പോലെ കുണുങ്ങിക്കുണുങ്ങിയാണ് ഒഴുകുന്നത്. എന്നാൽ, ആഗോളതാപനത്തിന്റെ ഫലമായി അവളുടെ ചേലയുടെ വക്കും അരികുമൊക്കെ പിഞ്ഞിത്തുടങ്ങിയിരിക്കുന്നു. ഏതാണ്ട് ഒന്നര കിലോമീറ്ററോളം കീറിപ്പറിഞ്ഞ പോലെ ഉരുകിത്തീർന്നിരിക്കുന്നു... !

അടുത്തെവിടെയോനിന്ന് വെള്ളച്ചാട്ടത്തിന്റെ ആരവം കേൾക്കുന്നുണ്ടെന്ന് മോൾ കാതുകൂർപ്പിച്ചു. പിന്നെ, അതിലേക്ക് ജാക്കിന്റെ ശ്രദ്ധ ക്ഷണിച്ചു. ഉവ്വ്, സംഗതി സത്യമാണ്. അതബാസ്‌ക്ക വെള്ളച്ചാട്ടമായിരുന്നത്. ജാക്ക് , വണ്ടി അതിനടുത്തേക്കു വിട്ടു.  വെള്ളച്ചാട്ടത്തിനടുത്തേക്ക് കാട്ടിലൂടെ ഒരു കാൽപ്പാതയുണ്ട്. അടുത്തുനിന്ന് വെള്ളച്ചാട്ടം കണ്ടാസ്വദിക്കാൻ സുരക്ഷിതമായ ഇടങ്ങളും കെട്ടിത്തിരിച്ചിട്ടുണ്ട്.  പാൽനുര പോലെ പതഞ്ഞു പതഞ്ഞു വീഴുന്ന ഹൃദയം കവരുന്ന മനോഹരകാഴ്ചയിൽ മറന്നുനിന്നപ്പോൾ ജാക്ക് സമയം ഓർമ്മിപ്പിച്ചു. പാർക്കിംഗ് ലോട്ടിലെ മൂത്രപ്പുരയിലും പോയി വന്നപ്പോൾ , മനസ്സിലെ ഉന്മേഷം ശരീരത്തിലും പടർന്നു... അധികം വൈകാതെ ജാക്ക്, ഞങ്ങളെയും കൊണ്ട് യാത്ര തുടർന്നു.


   




Saturday, July 15, 2017

കനേഡിയൻ റോക്കീസിലെ ഹിമാനിസാഹസം (ഒന്നാം ഭാഗം)


'ഗൾഫ് ഫോക്കസ്' മാസികയുടെ യാത്ര എന്ന പംക്തിയിൽ ഖണ്ഡശ്ശ: പ്രസിദ്ധീകരിക്കുന്നു. 


ലോകത്തിന്റെ പല ഭാഗങ്ങളിലായി പലതരം കാഴ്ചകൾ  നമ്മെ വിസ്മയഭരിതരാക്കുന്നു. അത്തരം ഒരു കാഴ്ചയിലേക്കായിരുന്നു ഇത്തവണത്തെ ഞങ്ങളുടെ യാത്ര. കനേഡിയൻ റോക്കീസിലൂടെ ഒരു സാഹസിക യാത്ര - ഗ്ലേഷർ അഡ്വെഞ്ചർ ...!


കനേഡിയൻ റോക്കീസിൽ സ്ഥിതി ചെയ്യുന്ന കൊളംബിയ ഐസ് ഫീൽഡ്,  വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തെ വിഭജിക്കുന്നു. ഈ ഐസ്ഫീൽഡിന്റെ ഒരു ഭാഗം വടക്കു കിഴക്കൻ മുനമ്പായ ബൻഫ് നാഷണൽ പാർക്കിലും തെക്കേ ഭാഗം ജാസ്പർ നാഷണൽ പാർക്കിലുമാണ്. 325 കിലോമീറ്റർ പരന്നു കിടക്കുന്ന ഇതിന്റെ ആഴം 1197 അടിയോളമാണ് . കൂടാതെ വർഷം തോറും 7 മീറ്റർ മഞ്ഞു ലഭിക്കുകയും ചെയ്യുന്നു. ഈ ഹിമപരപ്പിൽ  8 ഗ്ലേഷറുകൾ അഥവാ ഹിമാനികൾ അടങ്ങിയിരിക്കുന്നു. കനേഡിയൻ റോക്കീസിലെ ഏറ്റവും വലിയ ഹിമഭൂമിയാണ് കൊളംബിയ ഐസ് ഫീൽഡ്.


ജാസ്പർ നാഷണൽ പാർക്കിലെ അതഭാസ്ക്ക ഗ്ലേഷറിലേക്കായിരുന്നു ഞങ്ങൾ പോയത്.  ടൂർ ഓപ്പറേറ്റർ നിർദ്ദേശിച്ച പ്രകാരം, വെസ്റ്റ് എഡ്മൺഡൻ മാളിന് അടുത്തുള്ള ഫാന്റസിലാൻഡ് ഹോട്ടലിൽ എത്തുമ്പോൾ ബസ് പുറപ്പെടാൻ ഏകദേശം ഇരുപത് മിനിറ്റ് കൂടിയേ ബാക്കിയുണ്ടായിരുന്നുള്ളൂ. ഞങ്ങളൊഴികെ മറ്റാരെയും അവിടെ കാണാഞ്ഞത് കൊണ്ട് സ്ഥലം തെറ്റിയോ എന്നൊക്കെ ആകെ സംശയവുമായി. ടെൻഷൻ പിടിക്കാൻ സുനീത് ഉള്ളതു കൊണ്ട്, ഞാനും മോളും ഫാന്റസി ലാൻഡ് ഹോട്ടലിന്റെ പ്രത്യേകതയും അന്വേഷിച്ചു പോയി. ഹോട്ടലിന്റെ ലോബിയുടെ ഒരു വശത്തൂടെ  വെസ്റ്റ് എഡ്മണ്ഡാൻ മാളിലേക്ക് നൂണ്ടു കേറാനുള്ള വഴിയുണ്ടെന്ന് കണ്ടുപിടിച്ചു വന്നപ്പോഴേക്കും ടെൻഷനടിച്ചു ഒരു പരുവമായ സുനീതിന്റെ വിളി വന്നു. .."ബസ് പുറപ്പെടാൻ പോണൂ, വേം വാ..." ന്ന് .... 

ഓടിപ്പിടിച്ചു വന്നപ്പോൾ കണ്ടതോ, ഒരു മിനി ബസിൽ കേറാൻ പത്തു പതിനഞ്ചു പേർ ക്യൂ നില്ക്കുന്നു. സുനീത് ഞങ്ങളുടെ ബാഗുകൾ ഡിക്കിയിൽ വെക്കാനുള്ള ക്യൂവിൽ നിന്ന് ബാഗുകളെ ഭദ്രമാക്കി വെച്ച് തിരിച്ചു വന്നു. ആകെ പതിനഞ്ചോളം യാത്രക്കാർ. എല്ലാവരും കേറിക്കഴിഞ്ഞപ്പോൾ, ഞങ്ങളുടെ ഡ്രൈവറും കേറി. 

"എന്റെ പേര്  മോണിക്ക, നിങ്ങളെ സുരക്ഷിതമായി ജാസ്പറിൽ എത്തിക്കാനുള്ള ചുമതല എനിക്കാണ്. അതിന് എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. ഇപ്പോൾ സമയം ഉച്ചയ്ക്ക് പന്ത്രണ്ടര മണി . വൈകുന്നേരം അഞ്ചര മണിയോടെ നമ്മൾ ജാസ്പറിൽ എത്തിച്ചേരുന്നതാണ്. ..." പുഞ്ചിരിയോടെ മോണിക്ക സ്വയം പരിചയപ്പെടുത്തി. പിന്നെ, തന്റെ കൈയിലുള്ള ലിസ്റ്റ് നോക്കി ഓരോരുത്തരുടെയും പേരു വിളിച്ച് എല്ലാവരും ഉണ്ടെന്ന് ഉറപ്പു വരുത്തി.  

 ആൽബർട്ടയിലെ എഡ്മൻഡണിൽ നിന്നും ജാസ്പറിന്റെ താഴ്വരയിലേക്ക് അഞ്ചു മണിക്കൂർ നീണ്ട ബസ് യാത്ര... ആകെ പതിനഞ്ചു യാത്രക്കാരും... എല്ലാവരും ജാസ്പറിന്റെ മാസ്മരിക സൗന്ദര്യത്തിലേക്ക് ആകർഷിക്കപ്പെട്ട് യാത്ര തിരിച്ചവർ ... പല ഋതുക്കളിലായി അനേകം തവണ ജാസ്പർ സന്ദർശിട്ടുള്ള മിഷെലും കൂട്ടുകാരൻ പീറ്ററും ഒഴികെ ബാക്കിയെല്ലാവരും ആദ്യമായി പോകുന്നവർ.... മിഷേലിന്റെ വർണനകളിലേക്ക് കാത് കൂർപ്പിക്കുമ്പോൾ 'കാണാൻ പോകുന്ന പൂരം പറഞ്ഞു കേൾക്കണോ ...? " എന്ന ഭാവമായിരുന്നു എന്റെ അടുത്ത സീറ്റിൽ ഇരുന്ന ഗുജറാത്തിയായ ശ്വേതയ്ക്ക്... അതിനാലാവണം കയ്യിൽ ഉണ്ടായിരുന്ന ബാഗിൽ നിന്നും ആലൂ ബുജിയ എടുത്ത് കൊറിച്ചു കൊണ്ടിരുന്നു. ഇടയ്ക്ക് എനിക്ക് നേരെയും നീട്ടിയത് ആദ്യം നിരസിച്ചെങ്കിലും പിന്നീട് സൗഹൃദത്തിന്റെ ഇടനാഴിയിൽ വെച്ച് ആലൂ ബുജിയ എന്റെ കൈയിലും എത്തി. അപ്പോഴേക്കും വെജിറ്റബിൾ കട്ലറ്റിലൂടെ മുൻ സീറ്റിലിരുന്ന ചൈനക്കാരിയും എന്റെ മോൾ സ്നേഹയും സൗഹൃദത്തിലായി കഴിഞ്ഞിരുന്നു. 

 ഇടയ്ക്കൊരു  ഇടത്താവളത്തിൽ ഞങ്ങളുടെ ബസ് നിർത്തുമ്പോഴേക്കും ബസ്സിലുണ്ടായിരുന്ന  യാത്രക്കാരിൽ അപരിചിതത്വത്തിന്റെ മഞ്ഞുരുകി സൗഹൃദത്തിന്റെ ഊഷ്മളത പൂത്തുലഞ്ഞു. വഴിയോരത്തെ ടിംസിൽ കേറുമ്പോൾ എല്ലാവർക്കും ആദ്യം പോകേണ്ടിയിരുന്നത് മൂത്രപ്പുരയിലേക്കായിരുന്നു. വരിയുടെ അറ്റത്തു പോയി നിന്ന് മൂത്രമൊഴിച്ചു പുറത്തു വന്നപ്പോൾ, ഓർഡർ ചെയ്ത കോഫിയും ബേഗലുമായി സുനീത് കാത്തു നിന്നിരുന്നു. പതിനഞ്ചു നിമിഷത്തിനുള്ളിൽ ഇടവേള കഴിഞ്ഞ് ഞങ്ങളുടെ ബസ് വീണ്ടും പ്രയാണം തുടങ്ങി. 

മൈലുകൾ നീണ്ടു പോകുന്ന ഹൈവേയിലൂടെ കുതിച്ചു പായുകയാണ് ഞങ്ങളുടെ ബസ്. കയറ്റവും ഇറക്കവുമായി വളഞ്ഞു പുളഞ്ഞു പോകുന്ന പാത... ഇരുവശത്തും വിവിധയിനം മരങ്ങൾ തിങ്ങി നിറഞ്ഞു നില്ക്കുന്നു.... വഴിയോരക്കാഴ്ചകളിലേക്ക് കണ്ണും മനസ്സും നട്ടിരിക്കുമ്പോൾ എന്തിനെന്നറിയാതെ ഹൃദയം വിങ്ങിക്കൊണ്ടിരുന്നു... കണ്ണുകൾ നിറഞ്ഞിരുന്നു... 


ഓർമ്മകൾ നാട്ടിലെ യാത്രകളിലെ ദുരിതങ്ങളിലേക്ക്പറന്നു. അവസാനം നടത്തിയ കൊടൈക്കനാൽ യാത്ര അമ്മയും സഹോദരങ്ങളും എല്ലാം ചേർന്നായിരുന്നു. ഇടയ്ക്ക് ഒന്നു മൂത്രമൊഴിക്കാൻ പല ഹോട്ടലുകൾ കയറിയിറങ്ങേണ്ടി വന്നു. വൃത്തികേടാക്കിയിട്ടിരിക്കുന്ന ബാത്ത്റൂമുകളിൽ ഒന്നിൽ കേറിയ പാടെ മോൾ ഇറങ്ങിപ്പോന്നു, പുറത്തു വന്ന് ഛർദ്ദിക്കാൻ തുടങ്ങി. അങ്ങിനെ മൂന്നാമത്തെയോ നാലാമത്തെയോ ഹോട്ടലിൽ ആണ് സ്ത്രീകളും പ്രായമായ അമ്മയും കുഞ്ഞുങ്ങളും ഉണ്ടായിരുന്ന യാത്രാസംഘത്തിന് മൂക്കു പൊത്തിയെങ്കിലും പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാൻ കഴിഞ്ഞത്. 

എന്നെങ്കിലും, നമ്മുടെ നാടും സ്ത്രീകളോടും കുട്ടികളോടും കരുണ കാണിക്കുമെന്നും മൂക്കു പൊത്താതെ , പിടിച്ചു വെക്കാതെ യാത്രയിൽ പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാനുള്ള 'കംഫർട്ട് സ്റ്റേഷനുകൾ ' ഉണ്ടാക്കുമെന്നും പ്രതീക്ഷിക്കാം അല്ലേ...?

അര മണിക്കൂറിനുള്ളിൽ നമ്മൾ ജാസ്പറിന്റെ താഴ്വാരത്തിലെത്തുമെന്ന് മോണിക്കയുടെ അറിയിപ്പ് ഉച്ചഭാഷിണിയിലൂടെ മുഴങ്ങിയപ്പോൾ യാത്രക്കാരെല്ലാം ഒന്നുഷാറായി. പല പല റിസോട്ടുകളിലും ഹോട്ടലുകളിലുമായി കൂടെയുണ്ടായിരുന്നവരൊക്കെ യാത്ര പറഞ്ഞു പിരിഞ്ഞു. അവസാനമായിരുന്നു ഞങ്ങൾ തിരഞ്ഞെടുത്ത 'സോ റിഡ്ജ് ഇൻ' . മുറിയിൽ കയറിയ ഉടനെ ക്യാമറയുമായി മോൾ ബാൽക്കണിയിലേക്കു പോയി.  ജനൽക്കർട്ടനപ്പുറം ദൂരെ മഞ്ഞണിഞ്ഞ മാമലകൾ.... ആകാശം താഴ്ന്നിറങ്ങി വന്ന് അവയോട് കിന്നാരം പറയുന്നു.... വെൺമേഘങ്ങൾ പുഞ്ചിരി തൂവി മെല്ലെയൊഴുകുന്നു... ഒരു പ്രണയ കവിതയിലെ നായികയായി അവയ്ക്കൊപ്പം എന്റെ മനസ്സും ഒഴുകി നടന്നു...


Tuesday, June 27, 2017

ഓൾഡ് സ്‌പൈസ് മണമുള്ള ഓർമ്മത്താൾ

                         




'Father's day' കാർഡും അച്ഛനൊരു സ്നേഹസമ്മാനവുമായിട്ടാണ് മോൾ വീട്ടിലെത്തിയത്. സമ്മാനങ്ങൾക്കു പകരമായി അച്ഛന്റെ വക ലഞ്ച് റസ്റ്റോറന്റിൽ ....  ഇക്കാലത്തെ രീതിയിൽ 'അച്ഛൻദിനം' ആഘോഷിക്കുകയാണവർ. 

അവരുടെ ആഹ്ളാദങ്ങളിൽ പങ്കുചേരുമ്പോൾ ഓർമ്മയാഴങ്ങളിൽനിന്നൊരു ഓൾഡ് സ്‌പൈസ് മണം, ചുറ്റിലും പരന്നപോലെ... അതു ഘ്രാണിച്ച് ഒരച്ഛൻ  കവിളിൽ മുഖമുരസുന്ന, മുത്തം കൊടുക്കുന്ന കുഞ്ഞായി...  

അച്ഛനെന്നും ഓൾഡ് സ്‌പൈസ് ഷേവിങ്ങ്ക്രീമും അശോകാബ്ലേഡുമാണ് ഷേവ് ചെയ്യാൻ ഉപയോഗിച്ചിരുന്നത്. ഷേവുചെയ്തു മിനുസമാക്കിയ കവിളിൽ ഓൾഡ് സ്പൈസിന്റെതന്നെ ആഫ്റ്റർഷേവ് ലോഷനും പുരട്ടും. ദിവസം മുഴുവൻ നീണ്ടുനില്ക്കുന്ന ആ മണം, അച്ഛനെന്ന  അഭിമാനത്തിന്റെ മണം കൂടിയായിരുന്നു...!  രാവിലെയുള്ള ഈ ഷേവിങ്ങ് കാണാനായി അരമതിലിൽ കേറിയിരുന്നിട്ടുള്ള ബാല്യകാലങ്ങൾ.... ഷേവിങ്ങിനു മുൻപുള്ള ഒരുക്കങ്ങളായ മഗ്ഗിൽ വെള്ളം എടുത്തുവയ്ക്കുന്നത്, ക്രീം, റേസർ, ബ്ലേഡ് ഒക്കെയടങ്ങിയ ബാഗ് കൊണ്ടുവയ്ക്കുന്നത് ... എല്ലാം ചെയ്യാൻ അനുവദിച്ചുകിട്ടുമ്പോൾ വലിയ കുട്ടിയായി അംഗീകരിച്ചതിന്റെ അടയാളമായി ഉണ്ടാകുന്ന അഭിമാനം... അച്ഛനെന്നും അങ്ങനെയായിരുന്നു, കുട്ടികളെയും വ്യക്തികളായിത്തന്നെ അംഗീകരിച്ചു പോന്നു. ആശയങ്ങളെയും അഭിപ്രായങ്ങളെയും മാനിച്ചിരുന്നു. 

അച്ഛൻ വീട്ടിലുണ്ടാകുന്ന ദിവസങ്ങളിൽ രാവിലെതന്നെ പറമ്പിലേക്കിറങ്ങും. പണിക്കാരോടൊപ്പംനിന്ന് കിളയ്ക്കാനും മറ്റും കൂടും. അവരുടെ കൂടെ ഭക്ഷണം കഴിക്കും. അതുകണ്ടുനില്ക്കുന്ന കുട്ടികളായ ഞങ്ങളും കൂടെ കൂടും.  ആൺപെൺ വ്യത്യാസമില്ലാതെ ഞങ്ങളെക്കൊണ്ട്  എല്ലാ ജോലിയും ചെയ്യിച്ചു. എല്ലാ ജോലിക്കും അതിന്റേതായ മഹത്ത്വമുണ്ടെന്ന് സ്വയം ചെയ്തു കാണിച്ചിരുന്നു .... 

വൈകുന്നേരങ്ങൾ പ്രാർത്ഥന കഴിഞ്ഞാൽപ്പിന്നെ ഗാനമേളയാണ്. അച്ഛൻ നന്നായി   ബുൾബുളും ഓടക്കുഴലും വായിക്കും. സിനിമാഗാനങ്ങളും ഭക്തിഗാനങ്ങളുമെല്ലാമായി ഞങ്ങളുടെ ഗാനമേള രാത്രി മുഴുവൻ നീളും....  വഴിയിലൂടെ പോകുന്ന സുഹൃത്തുക്കളോ ബന്ധുക്കളോ പാട്ടുകേട്ട് വീട്ടിലേക്കു കേറിവരും. എല്ലാവരെയും സ്വാഗതം ചെയ്യുന്നപോലെ ഉമ്മറവാതിൽ എപ്പോഴും തുറന്നുകിടക്കും. പാഞ്ചാലിക്കു മാത്രമല്ല, എന്റെ അമ്മയ്ക്കും അക്ഷയപാത്രം കിട്ടിയപോലെയാണ്. എത്ര പേരുണ്ടായാലും ആരൊക്കെ വന്നാലും എല്ലാവർക്കുമുള്ള ഭക്ഷണമുണ്ടാകും അമ്മയുടെ അടുക്കളയിൽ... 

മറ്റുള്ളവരുടെ സന്തോഷത്താൽ മനസ്സുനിറച്ചിരുന്ന ആ അച്ഛന്റെ  കുഞ്ഞായി... ഓർമ്മകളിൽ ഓൾഡ് സ്‌പൈസ് മണവുമായി കാനഡയിലെ അച്ഛൻദിനാഘോഷം... ! 

ആഴങ്ങളിൽനിന്നു പെറുക്കിയെടുത്ത മുത്തുകൾ കൈയിൽപ്പിടിച്ചിരുന്നപ്പോൾ പുഴയൊന്നാകെ കണ്ണിൽനിറഞ്ഞു.... പിന്നെ , ഐ.സി.യുവിലെ തണുപ്പിൽ കവിളിൽ മുഖം ചേർത്തപ്പോൾ, കൈയിൽ അമർത്തിപ്പിടിക്കാൻ ശ്രമിച്ചു  വഴുതിപ്പോയ അച്ഛനോർമ്മകൾ....! 




Wednesday, May 31, 2017

ഓർമ്മപ്പുസ്തകത്തിലെ ജൂൺ

ചിലപ്പോൾ ചിണുങ്ങിക്കരഞ്ഞും മറ്റുചിലപ്പോൾ ആർത്തലച്ചു പൊട്ടിക്കരഞ്ഞും പെയ്യുന്ന മഴയോടൊപ്പം ജൂൺ മാസവും ഇങ്ങെത്തുകയായി. കാനഡയിലെ കുട്ടികൾക്ക് വേനലവധി തുടങ്ങുന്നതും  നാട്ടിലെ കുട്ടികൾക്ക് സ്കൂൾ വർഷം തുടങ്ങുന്നതും ഈ ജൂൺ മാസത്തിൽത്തന്നെ....

നാട്ടിലേക്ക് ഫോൺ ചെയ്യുമ്പോൾ കേൾക്കുന്നത് സ്കൂൾ തുറക്കുന്നതിന്റെ വിശേഷങ്ങൾ.... കുട്ടികളും മാതാപിതാക്കളും ഒന്നുപോലെ സന്തോഷത്തെക്കാളേറെ ആശങ്കകളാണ് പങ്കുവെക്കുന്നത്. അവധിക്കാലത്തുത്തന്നെ കുറെയേറെ പാഠഭാഗങ്ങൾ പഠിച്ചുവെച്ചിട്ടുണ്ടെങ്കിലും അടുത്തവർഷവും ഉയർന്ന മാർക്കുതന്നെ കിട്ടുമോ എന്നൊക്കെയുള്ള അച്ഛനമ്മമാരുടെ ആശങ്കകളുടെ ഭാണ്ഡവും പേറിയാണ് കുഞ്ഞുങ്ങൾ സ്കൂളിലേക്ക് പോകാൻ തയ്യാറാവുന്നത്. കൂട്ടുകാരെ കാണുന്നതിന്റെ സന്തോഷത്തോടൊപ്പം അവരിൽ ആരും തന്നെക്കാൾ കൂടുതൽ മാർക്ക് വാങ്ങുകയോ മുന്നിലാവുകയോ ചെയ്യരുതെന്ന സ്വാർത്ഥതാൽപര്യം കൂടെ സ്വകാര്യമായി സൂക്ഷിക്കുന്നുമുണ്ട്.

വിശേഷങ്ങൾ കേട്ടിരിക്കുമ്പോൾ , ഓർമ്മപ്പുസ്തകത്തിന്റെ താളുകളിൽ നിറം മങ്ങാത്ത ചിത്രങ്ങൾ ...!

മെയ്മാസത്തിന്റെ അവസാനത്തിൽ അമ്മവീട്ടിൽനിന്നു മടങ്ങിവരുന്നതോടെയാണ് സ്കൂൾ തുറക്കാറായി എന്ന ചിന്തയിലേക്ക് വരുന്നത്. എല്ലാത്തവണയും രാത്രിയിലാണ് വീട്ടിലെത്തുക. അന്നത്തെ ദിവസം ആകെയൊരു മൂഡോഫായതിനാൽ ഭക്ഷണംപോലും കഴിക്കാതെ നേരത്തെ കിടന്നുറങ്ങും.  

പിറ്റേന്ന് രാവിലെ പുതുതായി തയ്ച്ച യൂണിഫോമുകളുമായി  ജോണ്ചേട്ടൻ വരും . അവധിക്കാലം തുടങ്ങുമ്പോൾത്തന്നെ , യൂണിഫോമുകൾ തയ്ക്കാൻ അമ്മ ജോണ് ചേട്ടനെ ഏൽപ്പിച്ചിട്ടുണ്ടാവും. ഒരു ജോഡി യൂണിഫോം മാത്രം. കാരണം അന്നൊക്കെ എല്ലാ ദിവസവും യൂണിഫോം വേണ്ടായിരുന്നു ഞങ്ങൾക്ക് .... സ്കൂൾ ഇൻസ്പെക്ഷനു എ.ഇ.ഓ. വരുന്ന ദിവസം, പിന്നെ ഓഗസ്റ്റ് പതിനഞ്ച്,  ഒക്ടോബർ രണ്ട് തുടങ്ങിയ വിശേഷദിവസങ്ങളിലൊക്കെ മതിയായിരുന്നു യൂണിഫോം. അതുപോലും വാങ്ങാൻ കെൽപ്പില്ലാത്ത കുട്ടികളായിരുന്നു സ്കൂളിലെ ഭൂരിഭാഗവും. പേരു വെളിപ്പെടുത്താത്ത ഒരു നല്ലമനസ്സ് അവർക്കായി യൂണിഫോം, പുസ്തകം, കുട തുടങ്ങിയവ എല്ലാ വർഷവും സൗജന്യമായി നല്കിയിരുന്നു. ഒരിക്കൽ ആ സൗജന്യത്തിനായി ഞാനും അപേക്ഷ കൊടുത്തതാണ്. അതിന് പ്രധാനാധ്യാപികയുടെ മുറിയിലേക്ക് വിളിക്കപ്പെട്ടു, കുറെയേറെ വഴക്കും പുതിയ ചില അറിവുകളും അന്നു കിട്ടി... 

വൈകുന്നേരമാകുമ്പോൾ മുടിവെട്ടുകാരൻ ജോസപ്പേട്ടൻ വരും, എല്ലാവരുടെയും മുടിയൊക്കെ വെട്ടിക്കളഞ്ഞു നിരപ്പാക്കും. അവധിക്ക് നീട്ടിവളർത്തിയ മുടിയൊക്കെ ക്രോപ്പ് ചെയ്ത് ചെറുതാക്കിക്കളയും.  പിന്നെ, അമ്മ പിടിച്ചിരുത്തി കൈകാലുകളിലെ നഖങ്ങളൊക്കെ വെട്ടിവൃത്തിയാക്കും. ഇതൊക്കെയായിരുന്നു സ്കൂളിൽ പോകുന്നതിനു മുൻപുള്ള  ഞങ്ങളുടെ തയ്യാറെടുപ്പുകൾ.

ഒന്നാംക്ലാസ്സിൽ മാത്രമേ അമ്മ കൂടെ വന്നിട്ടുള്ളൂ. പിന്നെയുള്ള വർഷങ്ങളിലൊക്കെ മുതിർന്ന ക്ലാസ്സിലെ കുട്ടിയായിരുന്നു എന്നും... :) അടുത്തുള്ള ചേച്ചിമാരും ചേട്ടന്മാരുമൊക്കെ കൂട്ടുണ്ടായിരുന്നു. അവരുടെ കൂടെവിടാൻ അമ്മയ്ക്കും മടിയോ പേടിയോ ഇല്ലായിരുന്നു. ആറാംക്ലാസ്സ്‌വരെ അങ്ങനെയായിരുന്നു . ഏഴാംക്ലാസ്സിൽ എത്തിയപ്പോൾ കൂട്ടത്തിലെ സീനിയറാകാനുള്ള അവസരമായി. അപ്പോഴേക്കും ചേച്ചിമാരും ചേട്ടന്മാരുമൊക്കെ ഹൈസ്കൂളിലേക്ക് മാറിക്കഴിഞ്ഞിരുന്നു.

സ്കൂൾ തുറക്കുന്ന ദിവസം രാവിലെ കുളിച്ചൊരുങ്ങി, നല്ല ഉടുപ്പൊക്കെ ഇട്ടാവും പോകുന്നത്. ചിലപ്പോഴൊക്കെ മഴയും ഉത്സാഹത്തോടെ രാവിലെതന്നെ കൂട്ടായി എത്തും. അപ്പോൾ ഒന്നുകൂടെ  സന്തോഷംതന്നെയാണ്. സ്കൂളിലേക്ക് ഒന്നര കിലോമീറ്റർ നടപ്പുണ്ട്. പോകുന്ന വഴിയിൽ നിന്നു പല കൂട്ടുകാരും ഒപ്പംകൂടും. അവധിക്കാലരസങ്ങൾ പങ്കുവെച്ചും മറ്റും ബെല്ലടിക്കുമ്പോഴേക്കും സ്കൂളിൽ എത്തിച്ചേരും. 

അവിടെയും പഠിക്കേണ്ട വിഷയങ്ങളുടെ ഭാരമോ പരീക്ഷയുടെ ഭയമോ ഇല്ലായിരുന്നു. അടുത്ത ക്ലാസ്സിലും കൂട്ടുകാരൊക്കെ ഒപ്പമുണ്ടാകുമോ എന്ന ആകാംക്ഷ മാത്രമായിരുന്നു.... ഹാജർ വിളിച്ച് , പുതിയ ക്ലാസ്സിലേക്ക് വിടുമ്പോൾ പഴയ ക്‌ളാസ്സിലെ ടീച്ചറെ വിട്ടുപോകുന്നതിന്റെ സങ്കടം ടീച്ചർക്കും കുട്ടികൾക്കുമുണ്ടാകും. നല്ല കുട്ടികളായിരിക്കണമെന്നും നന്നായി പഠിക്കണമെന്നും പറയുമ്പോൾ ടീച്ചറുടെ സ്വരമിടറും. ആ സങ്കടവും ഉള്ളിൽപ്പേറി പുതിയ ക്ലാസ്സിലേക്ക് വരിവരിയായിപ്പോകും. അവിടെയും ഒരിക്കൽക്കൂടെ ഹാജർ വിളിക്കും. കുട്ടികൾക്ക് നല്ല പരിചയമുള്ള ടീച്ചർതന്നെയാണ്, എന്നാലും ടീച്ചർ സ്വയം പരിചയപ്പെടുത്തും. പിന്നെ, വാങ്ങേണ്ട പുസ്തകങ്ങളുടെ ലിസ്റ്റ് തരും. അതൊക്കെ എഴുതിയെടുത്തുകഴിഞ്ഞാൽ ഒന്നാംദിവസം തീരുകയായി....

ഓർമ്മപ്പുസ്തകത്തിന്റെ താളുകളിൽനിന്നു ജൂണും മഴയും സ്‌കൂളും കുട്ടിക്കാലത്തിലെ ഓർമ്മകളുമായി തുള്ളിച്ചാടുകയാണ്... ഒരു സ്‌കൂൾക്കുട്ടിയായി കൂടെ ഞാനും ....!







  


Saturday, May 27, 2017

ചിതറിവീണ മുല്ലപ്പൂക്കൾ



2017 മെയ് 28 -ലെ ജനയുഗം വാരാന്തത്തിൽ പ്രസിദ്ധീകരിച്ചത്.  

'അമ്മാ, ഒരൂട്ടം ചോദിക്കട്ടേ .... '

അടുക്കളയിലെ കുഞ്ഞുമേശയിലിരുന്ന് ചൂടുള്ള ദോശ സാമ്പാറിൽ മുക്കി വായിൽ വെക്കുന്നതിനിടയിൽ ചന്തു ചോദിച്ചു 

'ഉം, ന്താ ...?'

'ഇവിടെ ചിക്കൻ ഇരിപ്പുണ്ടോ...?'

'ങേ, ചിക്കനോ... ! അതെന്തിനാണിപ്പോ ചിക്കൻ....? നീ ചിക്കൻ കഴിക്കാൻ തുടങ്ങിയോ...?' 

'അതല്ലമ്മാ...'

'പിന്നെന്താ, നിന്നു കൊഞ്ചാതെ  കാര്യം പറ കൊച്ചേ...'  തവയിലെ ദോശയിലേക്ക് നെയ്യിറ്റിച്ചു കൊണ്ട് താൻ പറഞ്ഞു

'അത് എന്റെയൊരു ഫ്രണ്ടിനെ ഇൻവൈറ്റ് ചെയ്യാനാ.... അവന് ഗ്രിൽഡ് ചിക്കൻ ഇഷ്ടാണെന്ന് പറഞ്ഞു. അപ്പൊ തോന്നിയതാ വീട്ടിലേക്ക് ഇൻവൈറ്റ് ചെയ്യാൻ ...'

'അതെന്താ, അവന്റെ വീട്ടിൽ ചിക്കൻ ഗ്രിൽ ചെയ്യില്ലേ...?'

'അമ്മാ, അവൻ ഓർഫനാ, പാരെന്റ്സ്  മരിച്ചുപോയി... '

അതു പറയുമ്പോൾ ചന്തൂന്റെ മുഖത്ത് സങ്കടം തിങ്ങിവിങ്ങി. പെട്ടന്ന് അവനെ ചേർത്തുപിടിച്ച് നെറ്റിയിൽ ഒരുമ്മ കൊടുത്തു പറഞ്ഞു....

" നാളെത്തന്നെ വിളിക്കൂ , നമുക്ക് ചിക്കൻ ഗ്രിൽ ചെയ്യാം. "

'അമ്മാ, ഒരു കാര്യംകൂടെ ... നാളെ അവൻ വരുമ്പോ അമ്മ പാരന്റ്സിന്റെ കാര്യോന്നും ചോദിക്കരുത് ട്ടാ... '

ചോദ്യഭാവത്തിൽ പുരികമുയർത്തിയപ്പോൾ , ചന്തു പറഞ്ഞു, " അതവന് സങ്കടായല്ലോ... സൊ ചോദിക്കരുത് ,  പ്രോമിസ് മി ... "

'ഇല്ല, ചോയ്ക്കില്ല , പ്രോമിസ്....' ഫ്രീസറിൽനിന്നു ചിക്കൻ എടുത്ത് പുറത്തു വെക്കുന്നതിനിടയിൽ ചന്തുന് വാക്കു കൊടുത്തു. 

'ഞാനും ഹെല്പ് ചെയ്യാം അമ്മാ.... 'കൂട്ടുകാരനെ സത്ക്കരിക്കാനുള്ള ഉത്സാഹം ചന്തുവിലും നിറഞ്ഞു. 

"ചിക്കനും ചപ്പാത്തിയും സലാഡും മതിയാകുമോ...,  വേറെ എന്തെങ്കിലും ...? '

'മതിയമ്മാ ... ' തന്നെ കെട്ടിപ്പിടിച്ച് കവിളിലൊരു മുത്തം തന്ന് ചന്തു സന്തോഷം പ്രകടിപ്പിച്ചു. 

രാത്രിയിൽ ചിക്കൻ കഷണങ്ങൾ മസാല പുരട്ടി മാരിനേറ്റ് ചെയ്തുവെക്കുമ്പോഴും ആ കുട്ടിയുടെ അച്ഛനമ്മമാർക്ക് എന്താവും പറ്റിയിട്ടുണ്ടാവുക എന്നാലോചിച്ചു തല പുകച്ചു. പിന്നെയും ആകാംക്ഷ അടക്കാനാവാതെ ചന്തുവിന്റെ മുറിയിൽ ചെന്നു. 

'അത് മോനെ, ആ കുട്ടിയുടെ പാരന്റ്സ് എങ്ങിനെയാ മരിച്ചത്... ? '

'സിറിയൻ വാറിൽ മരിച്ചുപോയീന്നാ അവൻ പറഞ്ഞെ... നമ്മടെ അമ്മുനെപ്പോലൊരു അനിയത്തിക്കുട്ടീം ഉണ്ടായിരുന്നത്രേ .... ബോംബിങ്ങിൽ അമ്മയും കുഞ്ഞനിയത്തിയും  ചിതറിപ്പോണ കണ്ട് പേടിച്ചു നിന്ന അവന്റെ കൈയും പിടിച്ച് അച്ഛൻ ഓടിയതാ ന്ന് .... എവിടെയൊക്കെയോ തട്ടിമറിഞ്ഞു വീഴുന്നതിനിടയിൽ വെടിയൊച്ച കേട്ടു. ചോരയിൽ കുതിർന്ന് വീഴുമ്പോ ' രക്ഷപ്പെടൂ....' ന്ന് അച്ഛന്റെ അലർച്ചയിൽ വീണ്ടും ഓടിയെന്ന്. പിന്നെ എങ്ങനെയോ രക്ഷപ്പെട്ട് ഇവിടെയെത്തിയെന്നാ അവൻ പറഞ്ഞത്.... "

 എന്റെ മടിയിലേക്ക് തലചായ്ച്ച് , ചന്തു തുടർന്നു,

'പാവം ല്ലേ അമ്മാ.... എനിക്ക് അമ്മയില്ലാതെ ഒരു ദിവസം ഓർക്കാൻപോലും വയ്യാ .... അവൻ എങ്ങിനെയാ കഴിയണതാവോ.... !! 

ചന്തുന്റെ മുടിയിലൂടെ വിരലോടിക്കവേ അതുതന്നെയായിരുന്നു എന്റെ മനസ്സിലും .... !

പിറ്റേന്ന്, സ്‌കൂൾ വിട്ട് ചന്തു വരുമ്പോൾ കൂടെ കൂട്ടുകാരനും ഉണ്ടായിരുന്നു.

'ഇതാണ് ഹയാൻ , എന്റെ ഫ്രണ്ട്.... !' ചന്തുവിന്റെ സ്വരത്തിലെ ആഹ്ലാദം ഹയാന്റെ മുഖത്ത് പൂനിലാവായി പടർന്നു.

ഇതെന്റെ അമ്മയെന്ന് ചന്തു പരിചയപ്പെടുത്തുമ്പോൾ ഭാരതീയ രീതിയിൽ കൈകൂപ്പി ഹയാൻ നമസ്ക്കാരം പറഞ്ഞത് അത്ഭുതമായി. 

' ഞാൻ പഠിപ്പിച്ചതാണമ്മാ.... ഇങ്ങോട്ടു വരുമ്പോ നമ്മൾ എങ്ങിനെയാ വന്ദനം പറയുന്നതെന്ന് ചോദിച്ചു. ഞാൻ കാണിച്ചുകൊടുത്തു. " വിടർന്ന ചിരിയോടെ പറഞ്ഞ് ചന്തു ഹയാന്റെ തോളിൽ തട്ടി.   

'കൈകഴുകിവന്നോളൂ, കഴിച്ചിട്ടാവാം വിശേഷം പറച്ചിൽ.... ' രണ്ടു പേരുടെയും ബാഗുകൾ വാങ്ങുന്നതിനിടയിൽ പറഞ്ഞു. 

ഗ്രിൽഡ് ചിക്കനും ചപ്പാത്തിയും സലാഡും ചന്തൂനുള്ള ദാൽക്കറിയും മേശപ്പുറത്തു നിരത്തുമ്പോഴേക്കും കൈകഴുകി എത്തിയ ഹയാന്റെ കണ്ണുകൾ നിറഞ്ഞുവന്നത് ഞാൻ കാണാതിരിക്കാനാവണം മുഖം താഴ്ത്തിയത്. ഉടനെ വർത്തമാനം സ്‌കൂൾ വിശേഷങ്ങളിലേക്ക് തിരിച്ചു. ഹയാൻ തന്റെ മുറിയിഗ്‌ളീഷിൽ വിശേഷങ്ങൾ പറഞ്ഞുതുടങ്ങി. ഇടയ്ക്കിടെ ഏതോ ഓർമ്മകളിൽ വീണുപോകുമ്പോൾ  അവനെ തിരിച്ചുപിടിക്കാൻ ചന്തു ഓരോ തമാശകൾ പറഞ്ഞു. 

"വളരെ നാളുകൾക്കു ശേഷമാണ് ഇതുപോലെ രുചിയോടെ ഭക്ഷണം കഴിക്കുന്നത് ..." ഹയാൻ പറഞ്ഞത് കേട്ട് ഉള്ളിൽ ഒരുപാട് ചോദ്യങ്ങൾ മുട്ടിത്തിരിഞ്ഞു. പക്ഷേ, ചന്തുനു കൊടുത്ത വാക്കു പാലിക്കാൻ മൗനം പാലിച്ചു. 

'എന്നും ഞാൻ തന്നെ ഉണ്ടാക്കുന്ന നൂഡിൽസും പാസ്തയും.... അല്ലെങ്കിൽ പിസയും ബർഗറും... അമ്മയുണ്ടാക്കിത്തരുന്നത് കഴിക്കാൻ കൊതിയായപ്പോഴാ ഇന്നലെ ചന്തുനോട് പറഞ്ഞത്....  ചന്തുന്റെ അമ്മയെ ഞാനൊന്ന് ഹഗ് ചെയ്തോട്ടെ.... ?" 

ഹയാനെ അണച്ചുപിടിച്ച് നെറ്റിയിലൊരു മുത്തം കൊടുക്കുമ്പോൾ എന്റെ മാത്രമല്ല ഹയാന്റെയും ചന്തൂന്റെയും കണ്ണുകൾ നിറഞ്ഞുതുളുമ്പിയിരുന്നു... !

സോഫയിൽ എന്നോടു ചേർന്നിരുന്ന് ഹയാൻ പറഞ്ഞുതുടങ്ങി.... " പ്രാണനും കൊണ്ടോടുമ്പോൾ എവിടേക്ക് എന്നൊരു ചിന്തയേയില്ലായിരുന്നു. ഏതൊക്കെയോ വഴികളിലൂടെ, സ്ഥലങ്ങളിലൂടെ ഒക്കെ ഓടി.... വഴിയിൽ വണ്ടികൾ കത്തുന്ന മണം.... മാസം കരിയുന്ന മണം..... അപരിചിതരായ ആളുകൾ .... എല്ലാരും ഓട്ടംതന്നെ.... പ്രാണനു വേണ്ടിയുള്ള ഓട്ടം.... പലപ്പോഴും ശവങ്ങളിൽ തട്ടി വീണു... ഭീതിയോടെ പിടഞ്ഞോടി... ചിലപ്പോഴൊക്കെ ഛർദ്ദിച്ച് വഴിയിൽ കുഴഞ്ഞുവീണു... വീണ്ടും എണീറ്റ് ഓടി.... ആൾക്കൂട്ടത്തിനൊപ്പം ഓടിയോടി മരിച്ചു പോകുമെന്ന് തോന്നി.... നെഞ്ചു വന്ന് തൊണ്ടയിൽ മുട്ടി ശ്വാസം കിട്ടാതെ പിടഞ്ഞുവീണു.... പിന്നെ, ബോധം വരുമ്പോൾ ഒരു ടെന്റിനുള്ളിൽ ആയിരുന്നു. മരിച്ചിട്ടില്ലെന്ന് വിശ്വസിക്കാൻ അപ്പോഴും കഴിയുന്നില്ലായിരുന്നു. ..... " 

ഇടയിൽ ഉറക്കത്തിൽനിന്നെണീറ്റുവന്ന അമ്മു, എന്റെ മടിയിൽ കേറിയിരുന്നു.... ഒരുകൈകൊണ്ടവളെ നെഞ്ചോടു ചേർത്തു പൊതിഞ്ഞുപിടിച്ചു. 

അമ്മുവിൻറെ കാലിൽ തലോടി ഹയാൻ തുടർന്നു, ' ഹസ്നയും  ഇതു പോലൊരു സുന്ദരിവാവയായിരുന്നു. ഞാൻ സ്‌കൂളിൽ നിന്നു വരുമ്പോ അമ്മയോടൊപ്പം വീടിന്റെ വാതിൽക്കൽ കാത്തുനില്ക്കും . ഞാനെത്തുമ്പോ ഓടിവന്ന് മേത്തു പിടച്ചുകേറും. ഉമ്മവെക്കും, മാന്തും.... ' ആ നിമിഷങ്ങളിൽ ലയിച്ചെന്നോണം ഒരു നിമിഷം ഹയാൻ നിശ്ശബ്ദനായി. 

'ആ ടെന്റിൽനിന്ന് കാനഡ സർക്കാർ ദത്തെടുത്തതാണ് എന്നെ.... എനിക്ക് പതിനെട്ടു വയസ്സു കഴിഞ്ഞതിനാൽ ഒരു ഒറ്റമുറി ഫ്ലാറ്റിൽ തനിച്ചാണ് താമസം. പഠനം കഴിയുന്നതു വരെയുള്ള എന്റെ ചെലവുകളെല്ലാം കാനഡ സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. പക്ഷേ.... ആരുമില്ലാതെ ഒറ്റക്കിങ്ങനെ... സ്‌കൂളിൽ എനിക്കാകെയുള്ള ഒരു ഫ്രണ്ടാ ചന്തു...." വിതുമ്പുന്ന ഹയാനെ മറുകൈ കൊണ്ട് ചേർത്തു പിടിക്കുമ്പോൾ എതിരിലെ സോഫയിൽ ഇരിക്കുന്ന ചന്തു നിറഞ്ഞൊഴുകുന്ന കണ്ണുകൾ രണ്ടു കൈകൊണ്ടും അമർത്തിത്തുടയ്ക്കുകയായിരുന്നു.

'എനിക്കിപ്പഴും അറിയില്ല, എന്തിനാ ഈ യുദ്ധങ്ങളെന്ന്... എന്നെപ്പോലെ ഒരുപാടു കുട്ടികൾക്ക് വീടും അച്ഛനമ്മമാരും എന്തിന് ജന്മദേശം തന്നെ നഷ്ടപ്പെട്ടു.... ആരുമില്ലാതായി.... രാത്രിയിൽ ഒറ്റയ്ക്ക് കിടക്കുമ്പോ ,  പേടിച്ചു കരയുമ്പോ ചേർത്തുപിടിക്കാൻ , സങ്കടം വരുമ്പോ മടിയിൽ തല വെച്ചു കിടക്കാൻ.... സന്തോഷം വരുമ്പോ കെട്ടിപ്പിടിച്ചുമ്മവെക്കാൻ .... ആരുമില്ലാതായി... അച്ഛനോ അമ്മയോ ആരും...! ' 

'നീ ഇവിടെ താമസിച്ചോ ഹയാൻ... എന്റെ അച്ഛനും അമ്മയും അനിയത്തിയുമെല്ലാം ഇനി നിന്റെയുമാണ്....." ചന്തു അങ്ങിനെ പറഞ്ഞത് ആത്മാർത്ഥമായിത്തന്നെയെന്ന് അവന്റെ മുഖം വെളിപ്പെടുത്തി. 

'പക്ഷേ, എനിക്കങ്ങനെ എവിടെയും താമസിക്കാൻ പറ്റില്ല ചന്തു.... ഒരു രാത്രി പോലും എന്റെ ഫ്ലാറ്റിൽ നിന്നും മാറിനിൽക്കാൻ പറ്റില്ല. അങ്ങനെ സ്ലീപ് ഓവർ ചെയ്യണമെങ്കിൽപ്പോലും മുൻകൂട്ടി അപേക്ഷിച്ച് അനുവാദം വാങ്ങണം. കാനഡ സർക്കാരല്ലേ ഇപ്പൊ എന്റെ അച്ഛനുമമ്മയുമെല്ലാം...." 

ഹയാന്റെ വാക്കുകൾ വേദനയിൽ നേർത്തുവന്ന് ഗദ്ഗദമായപ്പോൾ,  പുറത്ത് ആ വേദന ഏറ്റുവാങ്ങി വിറങ്ങലിച്ചു പോയ  പ്രകൃതിയുടെ കണ്ണുനീർ ഇലത്തുമ്പുകളിൽ ഉറഞ്ഞുനിന്നു .... !!


  

Sunday, April 16, 2017

വേലിക്കെട്ടിനപ്പുറത്തേക്ക് നീളുന്ന വിഷുവാഘോഷങ്ങൾ

 ഗൾഫ് ഫോക്കസ് - ഏപ്രിൽ 2017ൽ പ്രസിദ്ധീകരിച്ചത് 


വിഷുവും ഗൃഹാതുരതയിൽ നിറയുന്ന ബാല്യകാലയോർമ്മകൾതന്നെയാണ് എനിക്ക്. വേലിക്കെട്ടിനപ്പുറത്തേക്ക് നീളുന്ന സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും മധുരം നിറയ്ക്കുന്ന ഓർമ്മകൾ.... ! പട്ടുപാവാടയിൽ നിറയുന്ന ചിത്രശലഭങ്ങളുടെ ഓർമ്മകൾ ...! കൂട്ടുകൂടി പൊട്ടിച്ചിരിക്കുന്ന നിഷ്കളങ്കതയുടെ ഓർമ്മകൾ ...! 

തെക്കേലെ ബാലൻമാമൻ രണ്ടു ദിവസം മുന്നേ വാങ്ങിവരുന്ന പടക്കങ്ങളിൽ തുടങ്ങുന്നു ഞങ്ങളുടെ വിഷു. ഗീത ചേച്ചിയോടും സന്തോഷ്‌ചേട്ടനോടുമൊപ്പം ഞാനും അനിയന്മാരും കിഴക്കേതിലെ നാസറും സലീമിക്കായും സോഫിയും  പിന്നെ റീന, ജില്ലൻ, ജിസി, നൗഷാദ് അങ്ങിനെ കുട്ടിപ്പട്ടാളത്തിന്റെ ഒരു നീണ്ട നിരതന്നെയുണ്ടാവും പടക്കം പൊട്ടിക്കാൻ....  

വിഷുത്തലേന്ന്, എല്ലാ വീട്ടിലും വൃത്തിയാക്കലും പറമ്പൊക്കെ അടിച്ചുവാരിക്കൂട്ടി തീയിടലുമൊക്കെയായി മുതിർന്നവർ തിരക്കിലാകും. അതിനിടയ്ക്ക് വേലിക്കൽ നിന്നുള്ള കുശലംപറച്ചിലും എന്നത്തേയുംപോലെതന്നെയുണ്ടാവും.  ബാലൻമാമന്റെ വീട്ടിൽ കണി വെക്കാനുള്ള കൊന്നപ്പൂ വിടരുന്നത് കിഴക്കേലെ മൂസാക്കാന്റെ വീട്ടിലാണ്. ഞങ്ങൾ കുട്ടികൾ എല്ലാരും കൂടിയാണ് ആ കൊന്നപ്പൂക്കളെ ശ്രദ്ധയോടെ പറിക്കുന്നതും  താഴെ വീഴാതെ സൂക്ഷിച്ച് ബാലൻമാമന്റെ വീട്ടിലെത്തിക്കുന്നതും..... മാങ്ങയും ചക്കയുമെല്ലാം ഞങ്ങളുടെ പറമ്പിൽ നിന്നും പറിക്കും. ചിലപ്പോഴൊക്കെ കൈതച്ചക്ക അഥവാ പൈനാപ്പിളും ഉണ്ടാവും.... 

രാത്രി മുഴുവൻ ഉറങ്ങാതിരുന്നു പടക്കം പൊട്ടിക്കുന്ന കുട്ടികൾക്ക് കൂട്ടായി നാട്ടുവിശേഷങ്ങളുമായി അച്ഛനമ്മമാരും ഉണ്ടാവും. ഇടയ്ക്ക് ഉറങ്ങിപ്പോയാലും രാവിലെ കണി കാണാൻ കൊണ്ടുപോകാൻ ഗീതചേച്ചിയോ സന്തോഷ്‌ചേട്ടനോ വരും. ആരാണാദ്യം കണി കാണുക എന്നായിരുന്നു അന്നത്തെ ഞങ്ങളുടെ മത്സരം. അതിനായിട്ടാണ് രാത്രി ഉറക്കമൊഴിച്ചിരിക്കുന്നത്‌.  

കണി കാണുന്നത് , ബാലൻമാമന്റെ വീട്ടിലാണെങ്കിലും ഉച്ചയ്ക്ക് സദ്യ നന്ദിനിയുടെ വീട്ടിലാണ്. കുറെ വർഷങ്ങളായുള്ള പതിവങ്ങനെയാണ്. അപ്പൂപ്പന്റെ കാലത്തുമുതലുള്ള ശീലമാണത്. അന്നൊരിക്കൽ പള്ളിയിൽ പോയി തിരിച്ചു വന്ന അപ്പൂപ്പൻ വിശന്നു തളർന്നിരുന്നു. തറവാടുവരെ നടക്കാനുള്ള ശേഷിപോലും ഇല്ലായിരുന്നുത്രേ. കടവിലെ ഞങ്ങളുടെ വീട് അന്നുണ്ടായിരുന്നില്ല. കടവിൽതന്നെയുള്ള പ്രഭാകരന്റെ ചായക്കടയും വിഷു കാരണം അന്നു തുറന്നിരുന്നില്ല. അതിനടുത്തുതന്നെയായിരുന്നു നന്ദിനിയുടെ വീടും... അന്ന്, നന്ദിനിയുടെ അച്ഛൻ , അപ്പൂപ്പന്റെ വഞ്ചിക്കാരനായിരുന്നു. അവരുടെ വീട്ടിലേക്കുചെന്ന അപ്പൂപ്പൻ വിശക്കുന്നുവെന്ന് പറഞ്ഞു. അവർ ഉടനെ ഉണ്ടായിരുന്നതെല്ലാം കൂട്ടി അപ്പൂപ്പന് ഊണു കൊടുത്തു. അന്ന്, അപ്പൂപ്പൻ പറഞ്ഞുത്രേ, എല്ലാ വിഷുവിനും ഉണ്ണാൻ വരുമെന്ന് ....! വെറുതെ പറഞ്ഞതാവും എന്നു കരുതി കാര്യമാക്കാതെ വിട്ടു നന്ദിനിയുടെ വീട്ടുകാർ. എന്നാൽ, അടുത്ത വർഷം അപ്പൂപ്പൻ ഉണ്ണാൻ ചെന്നപ്പോഴാണ് അവർ അന്തംവിട്ടുപോയതെന്ന് ലക്ഷിയമ്മ എപ്പോഴും പറയും. 

അപ്പൂപ്പന്റെ മരണശേഷമാണ് കടവിൽ വീടു വെക്കുന്നതും അമ്മൂമ്മയും മക്കളും അങ്ങോട്ടു താമസം മാറ്റുന്നതും.... ലക്ഷ്മിയമ്മയായിരുന്നു അമ്മൂമ്മയുടെ സഹായി. കാലം കടന്നുപോകെ, മക്കളായ ഓമനയും നന്ദിനിയും വീട്ടിലെ സഹായികളായി മാറി. അപ്പോഴും അപ്പൂപ്പൻ തുടങ്ങിവെച്ച വിഷുഊണ് മുടക്കിയിരുന്നില്ല. ഇപ്പോഴും വിഷുവിന്റെ ഊണ് നന്ദിനിയുടെ വീട്ടിൽത്തന്നെ.... 

വിഷുക്കാലം ഞങ്ങളുടെ നാട്ടിൽ കാപ്പ് (കെട്ട്, ചാല് എന്നൊക്കെ ചിലയിടങ്ങളിൽ പറയും ) കലക്കുന്ന സമയം കൂടിയാണ്. കൃഷിക്കു ശേഷം വയലുകളിൽ മീനും ചെമ്മീനുമൊക്കെ വളർത്തും. അവ ഇടയ്ക്കിടെ പിടിക്കുകയും വില്ക്കുകയും ചെയ്യും. കാപ്പുകലക്കൽ എന്നത്, പണിക്കാർക്കായി കാപ്പ് വിട്ടുകൊടുക്കുന്നതാണ്. നാട്ടുകാരും ഇതിൽ പങ്കുചേരും. അന്നു കിട്ടുന്നതെല്ലാം പിടിക്കുന്നവർക്കുള്ളതാണ്. കാപ്പുകലക്കൽ കഴിഞ്ഞാൽപ്പിന്നെ, അടുത്ത കൃഷിക്കുള്ള ഒരുക്കങ്ങളാണ്. ഇപ്പോൾ കൃഷിയില്ലെങ്കിലും കാപ്പ് ഉണ്ട്. കാപ്പുകലക്കൽ ഒരുത്സവംപോലെയാണ് ഞങ്ങളുടെ നാട്ടിൽ.... 

പ്രവാസജീവിതത്തിൽ എനിക്കു നഷ്ടപ്പെടുന്നത്, കണിക്കൊന്നയുടെ മഞ്ഞൾപ്രസാദംമാത്രമല്ല, ബാലൻമാമന്റെ വീട്ടിലെ വിഷുക്കണിയും മൈഥിലിമാമി തരുന്ന വിഷുക്കട്ടയുടെ മാധുര്യവും നന്ദിനിയുടെ വീട്ടിലെ ഊണിന്റെ സ്നേഹവും അയൽവക്കസാഹോദര്യത്തിന്റെ നൈർമല്യവും  എല്ലാമെല്ലാമാണ്. 

     
കാനഡയിലെ ഫ്ലാറ്റിലിരുന്ന്, വ്യർത്ഥമെന്നറിഞ്ഞും ഞാനെന്റെ ബാല്യത്തിലേക്ക് തിരിച്ചുപോകാൻ കൊതിക്കുന്നു. ഒരുമയുടെയും സഹവർത്തിത്വത്തിന്റെയും നല്ലനാളുകൾ ഇനിയുമുണ്ടാകും എന്ന പ്രതീക്ഷയോടെ .... 

എന്നുവെച്ച് കാനഡയിൽ വിഷു ഇല്ലാന്നല്ല കേട്ടോ... ഇവിടെ വിഷുവാഘോഷിക്കാൻ ആഴ്ചയവസാനമാകാൻ കാത്തിരിക്കണം. അതു ചിലപ്പോൾ വിഷുവിന് മുൻപേയും ആകും. ഗ്രേറ്റർ റ്റൊറന്റോ ഏരിയയിലെ ഒരു ഭാഗംമാത്രമായ ഞങ്ങളുടെ മിസ്സിസാഗയിൽപോലും ഒരുപാടു മലയാളിസംഘടനകളുണ്ട്. എല്ലായിടത്തും ഓടിനടന്ന് സദ്യ കഴിക്കേണ്ടത് ഒരേ ആളുകൾതന്നെയല്ലേ.... അപ്പോൾ പലപലദിവസങ്ങളിലായി വിഷുവാഘോഷിക്കും ഞങ്ങൾ. പ്രധാനമായും സദ്യയാണ്. പിന്നെ, കുട്ടികളുടെ കലാപരിപാടികളും... ഞങ്ങളെപ്പോലെത്തന്നെ കുട്ടികളും ഓടിയോടിവിഷമിക്കും, എല്ലായിടത്തും പരിപാടി നടത്തേണ്ടതും ഒരേ കുട്ടികൾതന്നെയാണല്ലോ...  ! മിസ്സിസ്സാഗയിൽ മാത്രമല്ല ട്ടോ, അടുത്തുള്ള മറ്റു നഗരങ്ങളിലും ഇതൊക്കെത്തന്നെയാണവസ്ഥ... അങ്ങോട്ടുമിങ്ങോട്ടും ഓടിയോടി, സദ്യ കഴിച്ചുകഴിച്ചു മലയാളികൾ ക്ഷീണിക്കും.... 

ഇങ്ങനെയൊക്കെയാണെങ്കിലും വിഷുവും ഓണവുമൊക്കെ എന്നും ഗൃഹാതുരതയുടെ നാളുകളാണ്. അലമാരിയുടെ അടിത്തട്ടിൽ മാറ്റിവെച്ചിരിക്കുന്ന സെറ്റുസാരി, മുണ്ടും ഷർട്ടും പട്ടുപാവാട തുടങ്ങിയവ പുറത്തെടുക്കാൻ കിട്ടുന്ന അവസരങ്ങൾകൂടിയാണിത്. അവ നഷ്ടപ്പെടുത്താതിരിക്കാൻ പരമാവധി ശ്രമിക്കാറുണ്ട്, ഞങ്ങൾ കാനഡമലയാളികൾ... ! പേപ്പറിലയിലെ സദ്യയും പേപ്പർകപ്പിലെ പായസവും കഴിച്ച് നാട്ടിലെ വിഷുഓർമ്മകളിൽ മുങ്ങിത്താഴും. പിന്നെയോ, അറുപതുകളിലെയും എഴുപതുകളിലെയും കുടിയേറ്റക്കാരായ മലയാളികൾ പറയുന്നതുകേട്ട്,   ഇതെങ്കിലും കിട്ടുന്നല്ലോ എന്നാശ്വസിക്കുകയും ചെയ്യും. അന്നൊക്കെ വാഴയിലയിലെ സദ്യയൊന്നും സ്വപ്നത്തിൽപോലും ഇല്ലായിരുന്നെന്നും  ഒരുപിടി കുത്തരിച്ചോറ് കിട്ടിയെങ്കിൽ എന്നു കൊതിച്ചിട്ടുണ്ടെന്നും പഴയ തലമുറയിലെ ആളുകൾ  പറയുന്നു.


എവിടെയെങ്കിലും ആരെങ്കിലും മലയാളം പറയുന്നതു കേട്ടാൽ, ഓടിച്ചെന്ന് കൂട്ടുകൂടുന്ന ഒരു തലമുറയും മലയാളം കേട്ടാൽ അവിടെനിന്നും മാറിപ്പോകുന്ന തലമുറയും ഇവിടെയുണ്ടായിരുന്നുവത്രെ. അതുകഴിഞ്ഞ് എവിടെത്തിരിഞ്ഞാലും മലയാളിയെ കാണുന്ന, കേൾക്കുന്ന തലമുറയായി ഇപ്പോൾ... മലയാളിസംഘടനകളും മലയാളിഹോട്ടലുകളും കടകളുമൊക്കെ ധാരാളമായി. എന്നിട്ടും കണക്കെടുപ്പിൽ ഇങ്ങനെയൊരു ഭാഷയും അതു സംസാരിക്കുന്ന ആളുകളും ഇവിടെയില്ല. തമിഴ്, തെലുങ്ക്, പഞ്ചാബി, ഗുജറാത്തി, ബംഗാളി, ഒറിയ തുടങ്ങിയ ഇതരഭാഷകളും ആളുകളും ഇവിടുത്തെ കണക്കെടുപ്പിലുണ്ട്. എന്നാണാവോ എന്റെ മാതൃഭാഷ 'മലയാളം' ആണെന്നു മലയാളികൾ സമ്മതിക്കുന്നത്  ... !!

വ്യക്തിപരമായി വിഷു, എന്റെ മോളുടെ ജന്മദിനംകൂടിയാണ് ... അതിനാൽ വിഷുവിന് വീട്ടിൽ സദ്യയുണ്ടാക്കുന്ന പതിവുണ്ട്. മോളുടെ ഇഷ്ടാനുസരണം പതിനഞ്ചു കൂട്ടമോ പത്തൊമ്പതു കൂട്ടമോ കറികളും ഒന്നോ രണ്ടോ പായസവുമൊക്കെയായി... അന്നത്തെ മെനു മോളുടെ ഇഷ്ടത്തിനാണ്.... അതിനാൽ, ഒരു ലീവ് വിഷുദിവസത്തിനായി മാറ്റിവെക്കും. വിഷുമാത്രം ആ ദിവസം തന്നെ ആഘോഷിക്കുകയും ചെയ്യും.

ദുഖവെള്ളിയും ഈസ്റ്ററുമൊക്കെ ചേർന്ന  'ലോങ്ങ് വീക്കെൻഡിലാണ് ഇത്തവണ  വിഷു. എല്ലാ പ്രിയ കൂട്ടുകാർക്കും  എന്റെയും കുടുംബത്തിന്റെയും വിഷു ആശംസകൾ... !



വിഷുവാശംസകൾ 




Tuesday, April 4, 2017

അമ്മയുടുപ്പ്


കുട്ടികളിൽ ആർക്കെങ്കിലും അസുഖമാവുമോ ...!

നാനൂറ്റിമൂന്ന് ഹൈവേയിലൂടെ അതിവേഗം കാറോടിക്കുമ്പോൾ , ഫോണിലൂടെ കേട്ട പീറ്ററിന്റെ ശബ്ദത്തിലെ നോവായിരുന്നു ലിസ്സിന്റെ മനസ്സിൽ ....

'ഒന്നിവിടെവരെ വരാൻ ബുദ്ധിമുട്ടാവുമോ ലിസ്...? ' പീറ്ററിന്റെ ചോദ്യത്തിലെ വേവലാതിയുടെ തിരിച്ചറിവിൽ ഒന്നും ചോദിക്കാൻ കഴിഞ്ഞില്ല. വസന്തത്തിന്റെ തുടക്കത്തിൽ കരിഞ്ഞു പോയൊരു തായ് വൃക്ഷമായിരുന്നു  പീറ്റർ .... !

ബബിതയുടെ മരണശേഷം, പീറ്റർ കുട്ടികളിലേക്ക് ഒതുങ്ങിക്കൂടുകയായിരുന്നു. അവരുടെ വിവാഹവാർഷികദിനത്തിലായിരുന്നു നിശബ്ദമായി, ക്ഷണിക്കാത്ത അതിഥിയായി മരണം  ആ വീട്ടിലേക്കു വന്നത്.

എല്ലാ സുഹൃത്തുക്കളെയും പാർട്ടിക്കു  ക്ഷണിച്ചിരുന്നു. നവദമ്പതികളെപ്പോലെ ബബിതയും പീറ്ററും പുൽത്തകിടിയിൽ ഒഴുകി നടക്കുന്നതിനിടയിൽ മൂന്നു കുഞ്ഞുങ്ങൾ ചിത്രശലഭങ്ങളായി   അവരെച്ചുറ്റി പാറി നടന്നു. പാർട്ടിക്കു മുമ്പേതന്നെ കുടുംബ ചിത്രമെടുക്കാൻ ഏർപ്പാടാക്കിയിരുന്നു. താനവിടെയെത്തുമ്പോൾ വിവിധ പോസിലുള്ള കുടുംബചിത്രങ്ങളുടെ അവസാന ഘട്ടമെത്തിയിരുന്നു. അഭിപ്രായങ്ങൾ പറഞ്ഞും കളിയാക്കിയും പൊട്ടിച്ചിരിയുടെ ഉത്സവം തീർത്തു കൂട്ടുകാർ...  ദമ്പതികളുടെ ഉത്‌സാഹവും പ്രസരിപ്പും ചുറ്റുമുള്ളവരിലേക്കും പകർന്നാടിയിരുന്നു...

പാർട്ടി കഴിഞ്ഞു, ശുഭരാത്രിയും നേർന്നു വിരുന്നുകാർ പിരിഞ്ഞതിനു ശേഷമാണ് അവിടെ നിന്നിറങ്ങിയത്. ഉറങ്ങിപ്പോയ കുഞ്ഞുമിഷേലിനെ നെഞ്ചോടു ചേർത്തുപിടിച്ചിരിക്കുന്ന പീറ്ററും ഒരു കൈയാൽ പീറ്ററിനെ ചുറ്റിപ്പിടിച്ചിരിക്കുന്ന ബബിതയും സുന്ദരമായ ഒരു ഛായാചിത്രം പോലെ വാതിക്കൽ നിന്നിരുന്ന കാഴ്ചയുടെ സന്തോഷത്തിലാണ് യാത്രയായത്.   

വീട്ടിലെത്തുന്നതിനു മുൻപേ പീറ്ററിന്റെ കോൾ,

'ബബിതക്ക് ഒരു വല്ലായ്മ, പാരാമെഡ് എത്തിയിട്ടുണ്ട്. അവർ അവളെ  ക്രെഡിറ്റ് വാലി ആശുപത്രിയിലേക്കാണ് കൊണ്ടുപോകുന്നത് ...."

ധൃതിയിൽ വണ്ടിതിരിച്ച് ആശുപത്രിയിൽ എത്തുമ്പോൾ അത്യാഹിതവിഭാഗത്തിൽ ബബിതയുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടായിരുന്നു. ഐ.ഡി കാർഡ് കാണിച്ചു അകത്തു കയറുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു.... ! മരണവാർത്ത പീറ്ററിനെ അറിയിക്കാനുള്ള കെല്പുണ്ടായിരുന്നില്ലല്ലോ തനിക്കന്ന്...!

പോലീസ് വാഹനത്തിന്റെ സൈറണും ലൈറ്റും കണ്ടാണ് പരിസര ബോധത്തിലേക്ക് വന്നത്. അപ്പോഴേക്കും അവർ മുന്നിൽ കടന്നു  മാർഗ്ഗതടസ്സം ചെയ്തിരുന്നു. ഹൈവേയിൽ നിന്നും പുറത്തുകടന്നുവെന്നതും  ഹൊറൊന്റാറിയോ റോഡിലാണ് താനെന്നുമെന്ന ബോധത്തിലേക്കു വന്നതപ്പോഴാണ്. തുളുമ്പിയൊഴുകിയ കണ്ണുകൾ തുടച്ച് , താനൊരു ഡോക്ടറാണെന്ന ഐഡന്റിറ്റി കാർഡ് കാണിച്ചു നോക്കി. എന്നിട്ടും സ്പീഡ് ടിക്കറ്റ് എഴുതി തന്ന്, കൂടെ കുറച്ച് ഉപദേശവും തന്നാണ് അവർ പോകാൻ അനുവദിച്ചത്.

ബബിതയുടെ വീട്ടിൽ എത്തുമ്പോൾ, പതിവു പോലെ കുട്ടികൾ ഓടി വന്നില്ല. ആശങ്കയോടെ ഒരു നിമിഷം, വാതിൽക്കൽ നിന്നു, പിന്നെ പതിയെ മുൻവാതിൽ തള്ളി നോക്കി. പൂട്ടപ്പെടാത്ത വാതിലിലൂടെ അകത്തു കയറിയപ്പോൾ കണ്ടത്, കുഞ്ഞുമിഷേലിനെ മടിയിൽ വെച്ചിരിക്കുന്ന പീറ്ററിനോട് ചേർന്നിരിക്കുന്ന ജൊവാനെയും തറയിൽ മുട്ടുകുത്തി മിഷേലിന്റെ മുഖത്തോടു മുഖംചേർത്തുവെച്ചിരിക്കുന്ന സീനയെയുമാണ്. ആന്തലോടെ ഓടിച്ചെന്നു കുഞ്ഞുമിഷേലിനെ വാരിയെടുത്തു. കുഞ്ഞിനു പനിയോ മറ്റോ ആയിരിക്കുമെന്നാണ് കരുതിയത്. എന്നാൽ, കുഞ്ഞിനു കുഴപ്പമൊന്നുമില്ലെന്ന് കണ്ട ആശ്വാസത്തോടെ ജൊവാനെയും സീനയെയും അടുത്തേക്ക് വിളിച്ചു. ചേർത്തു് പിടിച്ചപ്പോൾ ആ കുഞ്ഞിക്കണ്ണുകൾ തുളുമ്പി .

'രാവിലെ പാല് കുടിച്ചോ? എന്താ കഴിച്ചത്...? " ഒന്നുമില്ലെന്ന് സീന ചുമൽകുലുക്കി.

കുഞ്ഞുമിഷേലിനേയും എടുത്തു നേരെ അടുക്കളയിലേക്കു  നടന്നു. അപ്പോഴും പീറ്റർ ഈ ലോകത്തൊന്നുമല്ല എന്നുതോന്നി. ആദ്യം കുഞ്ഞുങ്ങൾക്കു ഭക്ഷണം കൊടുക്കട്ടെ, എന്നിട്ടാവാം പീറ്ററോട് സംസാരിക്കുന്നത്. ബ്രഡ് ടോസ്റ് ചെയ്ത്, പാലും ചൂടാക്കി കുട്ടികൾക്കു നല്കുന്നതിനിടയിൽ കോഫിമേക്കറിൽ കോഫിയുണ്ടാക്കി പീറ്ററിനും കൊടുത്തു. കുട്ടികളെ കഴിപ്പിച്ചു തിരിച്ചു സ്വീകരണ മുറിയിലേക്കു വരുമ്പോഴും കോഫിയും കൈയിൽ പിടിച്ചു പീറ്റർ ഒരേയിരുപ്പാണ് .


തിരിച്ചുവന്ന ജൊവാനും സീനയും പീറ്ററിന്റെ ഇരുവശത്തുമായി ഇരുന്നു. ഇടയ്ക്കിടെ പപ്പയെ നോക്കുമ്പോൾ കണ്ണുകൾ നിറയുന്നുണ്ട് രണ്ടാളുടെയും...

'കുട്ടികളെ വിഷമിപ്പിക്കാതെ പീറ്റർ...' പീറ്റർ ഇങ്ങിനെയിരുന്നാൽ അവർക്കാരാണ് ഭക്ഷണം കൊടുക്കുക....? ആരാണവരെ  ആശ്വസിപ്പിക്കുക...? "

'പീറ്റർ.... ശബ്ദമുയർത്തി വിളിച്ചപ്പോൾ ഒരു ഞെട്ടലോടെ പീറ്റർ കണ്ണുകളുയർത്തി.

 'ആ കോഫി കുടിക്കൂ ... തണുത്തുവെങ്കിൽ ചൂടാക്കാം, അല്ലെങ്കിൽ വേറെ കോഫി എടുക്കാം.... "

താൻ പറഞ്ഞതൊന്നും ശ്രദ്ധിക്കാതെ പീറ്റർ ഒറ്റവലിക്കതു കുടിച്ചു തീർത്ത് , മിഷേലിനായി തന്റെ നേർക്ക് കൈനീട്ടി. ആ കൈകളിൽ മിഷേലിനെ വെച്ചു കൊടുത്തപ്പോൾ നെഞ്ചോടു ചേർത്തു പിടിച്ചു തുരുതുരെ ഉമ്മ വെച്ചു. അതുകണ്ട ജൊവാനും സീനയും കുഞ്ഞുമിഷേലിന്റെ കൈകളിൽ ഉമ്മ വെച്ചു.

'പീറ്റർ....' ഒന്നും മനസിലാകാതെ  വിളിച്ചു.

മിഴികൾ നിറഞ്ഞൊഴുകുന്നതിനിടയിൽ വിതുമ്പലോടെ പീറ്റർ പുലമ്പി, 'ഇവളെ , അവർ കൊണ്ടു പോവുകയാണ്.... ഇന്നവർ വരും. എനിക്കു  താങ്ങാൻ പറ്റുന്നില്ല. അതാ ലിസ് നെ  വിളിച്ചത്. ..."

ആരു കൊണ്ടുപോകുന്നു....? എന്തിന്... എവിടേക്ക്...? ചോദ്യങ്ങൾ ആർത്തലച്ചു പെയ്തപ്പോൾ.... പീറ്റർ നിശബ്ദനായി.

പിന്നെ, നനഞ്ഞ ശബ്ദത്തിൽ മെല്ലെ പറഞ്ഞു, 'അച്ഛനായ എനിക്ക് ഈ കുഞ്ഞുവാവയെ നോക്കാൻ പറ്റില്ലെന്ന് .... അമ്മയുടെ സ്നേഹം വേണം ന്ന് ... അതുകൊണ്ട് സർക്കാർ കൊണ്ടു പോവുകയാണ്... ഭാഗ്യമുള്ള ഏതോ ഒരമ്മ എന്റെ കുഞ്ഞിനെ വളർത്തും.... എന്റെ കുഞ്ഞിന്റെ കളിചിരികൾ കാണും... അവളുടെ വളർച്ചയിൽ കൂടെയുണ്ടാകും. ഈ അച്ഛൻ, ഭാഗ്യദോഷി.... ഓരോ രാജ്യത്തെ നിയമങ്ങൾ .... !"

കാനഡസർക്കാരിന്റെ വളർത്തുകുടുംബത്തെപ്പറ്റി, വളർത്തമ്മയെപ്പറ്റി നന്നായി അറിയാമെങ്കിലും തന്റെ ബബിതയുടെ കുഞ്ഞിനെ അവർ കൊണ്ടു പോകുന്നുവെന്നു കേട്ടപ്പോൾ പതറിപ്പോയി. ഒന്നര വയസുള്ള മിഷേലിനെ നോക്കാൻ ഒരമ്മ വേണമെന്ന സർക്കാർ തീരുമാനത്തിൽ നിസ്സഹായനാണ് പീറ്ററും...

എന്തു പറയണമെന്നറിയാതെ ആ മൗനസാഗരത്തിലേക്ക് ഒരു തുള്ളിയായി വീണലിഞ്ഞു. പൊടുന്നനെയാണ്, വാതിലിൽ മുട്ടുകേട്ടത്. പതിയെ പോയി വാതിൽ തുറന്നു. അകത്തു വന്ന അവർ, സ്വയം പരിചയപ്പെടുത്തി. നിയമവശങ്ങൾ പറഞ്ഞു.

ഒന്നും കേൾക്കാൻ നിൽക്കാതെ പീറ്റർ അകത്തേക്കു നടന്നു. അവരോടു സംസാരിക്കുമ്പോൾ തൊണ്ടയിടറാതിരിക്കാൻ പലവട്ടം ശ്രമിച്ചെങ്കിലും പരാജയപ്പെടുകയാണുണ്ടായത്.

അവർ തന്ന പേപ്പറുകളുമായി പീറ്ററിനടുത്തെത്തി, ഒപ്പിട്ടു വാങ്ങി. ഒപ്പം കുഞ്ഞുമിഷേലിനേയും... മിഷേലിന്റെ തനിച്ചുള്ളതും അവരോടൊപ്പമുള്ളതുമായ കുറച്ചു ചിത്രങ്ങൾ അവർ തന്നെ എടുത്തു. അവരുടെ കൈകളിലേക്കു മിഷേലിനെ ഏൽപ്പിക്കുമ്പോൾ അടക്കിപ്പിടിച്ച കരച്ചിൽ പൊട്ടിത്തകർന്ന് ചീളുകളായി ചിതറി വീണു.....

അപ്പോഴും നടക്കുന്നതെന്തെന്ന് അറിയാതെ പകച്ചു നിൽക്കുകയായിരുന്ന ജൊവാനും സീനയും മിഷേലിനേയുമെടുത്ത് പുറത്തേക്കിറങ്ങിയ അവരുടെ പിന്നാലെ ഓടിച്ചെന്നെങ്കിലും മിഷേലിനേയും കൊണ്ട് ആ വണ്ടി മുന്നോട്ടു നീങ്ങിക്കഴിഞ്ഞിരുന്നു.... !







Tuesday, January 10, 2017

കൂടൊഴിയുന്ന വേനൽക്കിളി...





റോഡിനപ്പുറത്തുള്ള പഴയ വീട്ടിലേക്ക് കയറുമ്പോൾ  സാറയുടെ ഉള്ളിൽ അലയടിച്ച സമ്മിശ്ര വികാരങ്ങൾ സുനിതയുടെ കൈകളിൽ വിരൽപ്പാടുകളായി പതിഞ്ഞു. ക്ഷമ യാചിക്കുന്ന കണ്ണുകൾ സുനിതയുടെ നേരെ തിരിഞ്ഞതും ഒരു പുഞ്ചിരിയിൽ സാരമില്ല എന്നവൾ കണ്ണടച്ചു കാണിച്ചതും വേനൽ മഴയായി ഉള്ളിൽ പെയ്തിറങ്ങി . 


ലിവിംഗ് റൂമിന്റെ വാതിൽ കടന്നതും മുപ്പത്തഞ്ചു വർഷം മുൻപുള്ള സാറയിലേക്ക് പരകായ പ്രവേശം നടത്തിയെന്ന പോലെ പ്രസരിപ്പ് നിറഞ്ഞു. ഓരോ മുറികളിലായി കയറിയിറങ്ങി , ചുറ്റിത്തിരിഞ്ഞ്‌ ഗന്ധങ്ങളിലും കാഴ്ചകളിലുമായി ഓർമ്മകളെ തിരിച്ചു പിടിക്കാനുള്ള സാറയുടെ ശാഠ്യത്തിനു കൂട്ടായി സുനിതയെന്ന ഹോം നേഴ്സ് എപ്പോഴും കൂടെ നിന്നു. 

ബേസ്മെന്റിന്റെ പടവുകൾ ഇറങ്ങുമ്പോൾ സുനിത ശ്രദ്ധയോടെ കൈ പിടിച്ചു. എത്രയോ വട്ടം കുഞ്ഞു സാമിനോടും റോസിനോടുമൊപ്പം ഓടിയോടിയിറങ്ങിയ പടവുകൾ... ! ജോയുടെ ടൂൾ ഷെൽഫ്, തന്റെ കിച്ചൺ ഷെൽഫ്,   സാമിന്റെ സൈക്കിൾ , റോസിന്റെ പാവകൾ എല്ലാം വൃത്തിയോടെ വെച്ചിരിക്കുന്നു. സൈക്കിളിൽ മെല്ലെ തൊട്ടപ്പോൾ കുഞ്ഞു സാമിന്റെ ശബ്ദം എവിടെ നിന്നോ ഒഴുകിയെത്തി.

"മോം, എനിക്ക് ബ്ലാക്ക് ആൻഡ്‌ യെല്ലോ കളർ തന്നെ വേണം. ..."

"എന്തിനാ , ആ കളർ ? ഈ ബ്ലൂ കളറും നല്ല ഭംഗിയുണ്ടല്ലോ... ഇതു പോരെ ....? "

നോ മോം... ജെറിക്കും ഡെവനും അലനും എല്ലാം ബ്ലാക്ക് ആൻഡ് യെല്ലോ ആണ്. സോ, എനിക്കും അതു തന്നെ മതി...."

കൂട്ടുകാർക്കുള്ളത് തന്നെ വേണമെന്നുള്ള വാശിയിൽ അന്ന് രണ്ടു മൂന്നു കടകൾ കയറിയിറങ്ങിയെങ്കിലും ബ്ലാക്ക്‌ ആൻഡ്‌ യെല്ലോ കളർ കിട്ടിയപ്പോൾ സാമിന്റെ കുഞ്ഞിക്കണ്ണുകളിൽ വിടർന്ന സന്തോഷപ്പൂക്കൾ , എല്ലാ ക്ഷീണവും തീർത്തു. 

ഓരോ ജന്മദിനത്തിനും പാവക്കുട്ടികളെയും അനുസാരികളും വാങ്ങുന്നതായിരുന്നു കുഞ്ഞുന്നാളിൽ റോസിന്റെ സന്തോഷം. ഷെൽഫിൽ ഭംഗിയായി നിരത്തി വെച്ചിരിക്കുന്ന ഓരോ പാവക്കുട്ടിക്കും ഓരോരോ കഥകളാണ് പറയാനുള്ളത്. മുകളിലെ ഷെൽഫിൽ ഇരിക്കുന്ന കഴുത്തിൽ ചുവന്ന റിബ്ബൺ കെട്ടിയ വെളുത്ത കരടിക്കുഞ്ഞ് , തന്നെ നോക്കി ചിരിച്ചോ....? കയ്യെത്തിച്ച് എടുക്കാനുള്ള ശ്രമം കണ്ട് സുനിത അതെടുത്ത് കയ്യിൽ തന്നു. റോസിന്റെ പാവഭ്രമത്തിലെ  അവസാനത്തേത് .... അന്നവൾക്ക് ഒൻപത് വയസായിരുന്നു. ഈ കുഞ്ഞു കരടിക്കുട്ടിയെ മതിയെന്നവൾ പറഞ്ഞപ്പോൾ ആശ്ച്ചര്യമായിരുന്നു തനിക്ക് ... 'നമ്മുടെ മോൾ വലുതായെടോ'  എന്നൊരു കളി തന്റെ ചെവിയിൽ  പറഞ്ഞ് ജോ അന്ന് ചിരിച്ചത് ഇപ്പോഴും കാതോരത്തെന്ന പോലെ സാറയുടെ മുഖത്ത് പുഞ്ചിരി വസന്തം തീർത്തു.


Pic: Joseph Bobby( amanwalkwith)


മുകൾനിലയിലെ മക്കളുടെ കിടപ്പുമുറി, വാതിൽക്കൽ നിന്നും പതിവുപോലെ കണ്ണോടിച്ചു. എല്ലാം അടുക്കിലും ചിട്ടയിലും തന്നെ എന്നു കണ്ടു ആശ്വസിച്ചു സാറയിലെ അമ്മ. മെല്ലെ അകത്തു കയറി , മോളുടെ കട്ടിലിൽ ഇരുന്നു. പിങ്ക് വെൽവെറ്റ് ഷീറ്റിലെ ബാർബിയുടെ ചിത്രത്തിലൂടെ കയ്യോടിക്കുമ്പോൾ, ഇനിയൊരിക്കലും ഇങ്ങിനെയൊരു ചിത്രം നൂലുകളിൽ മെനയാൻ തനിക്കാവില്ലല്ലോ എന്നൊരു നൊമ്പരം ഹൃദയത്തിൽ തിക്കുമുട്ടിയത്, കണ്ണിലും നനവായി പടരുന്നതറിഞ്ഞു, മെല്ലെ മുറി വിട്ടിറങ്ങി....

അടുക്കളയിൽ എത്തിയപ്പോൾ,  അതിലെ കുഞ്ഞു മേശയ്ക്കരികിൽ കോഫി  മൊത്തിക്കുടിക്കുന്ന, പേപ്പർ വായിക്കുന്ന ജോ .... ഇതാ തന്റെ കോഫി എന്ന് വിളിക്കുന്ന ജോ.... അറിയാതെ കൈ നീട്ടിയോ... ? മേശയിൽ തൊട്ടു തലോടുന്ന കണ്ട്, സുനിത ചേർത്തു പിടിച്ചു കിടപ്പുമുറിയിലേക്ക് നടന്നു.

"അമ്മച്ചി ഒന്നു വിശ്രമിക്കൂ, ഞാൻ ഒരു കോഫി എടുക്കാം ..." കട്ടിലിൽ ഇരുത്തി സുനിത പുറത്തേക്കു പോയി. 

ചുറ്റും നിറയുന്ന കാഴ്ചകളെ ഒരിക്കൽ കൂടി ഹൃദയത്തിലേക്ക് നിറക്കാൻ ശ്രമിച്ചു കൊണ്ട് സാറയുടെ ക്ഷീണിച്ച കണ്ണുകൾ വെമ്പലോടെ മുറിയിലെ ഓരോ കോണിലും ഓടി നടന്നു. പതിയെ ഇടതു വശം ചരിഞ്ഞ് കട്ടിലോരത്ത് സാറ കിടന്നു. കണ്ണിൽ നിറഞ്ഞ കാഴ്ചകൾ പുറത്തേക്ക് പോകാതിരിക്കാൻ എന്ന വണ്ണം കണ്ണുകൾ പൂട്ടി.

ഒന്നിനും മാറ്റമില്ല. മക്കൾ എല്ലാം അത് പോലെ തന്നെ സൂക്ഷിച്ചിരിക്കുന്നു. ജോയുടെ ആഗ്രഹമായിരുന്നത്. തങ്ങളുടെ ആദ്യത്തെ വീട്, കുഞ്ഞുങ്ങൾ പിറന്നു വീണ വീട്... അവരുടെ കളിയും ചിരിയും കരച്ചിലും നിറഞ്ഞ വീട്... തങ്ങളുടെ സ്നേഹവും സ്വപ്നങ്ങളും നിറഞ്ഞ വീട്.... അത്, തങ്ങൾ രണ്ടുപേരും ഇല്ലാതാകുന്നതു വരെയെങ്കിലും സൂക്ഷിക്കണം എന്നായിരുന്നു ജോയുടെ ആഗ്രഹം. . സ്നേഹത്തിന്റെ ആഴക്കടലിൽ നീന്തിപ്പഠിച്ച മക്കൾക്ക് ആ ആഗ്രഹത്തിന്റെ അർത്ഥം വ്യക്തമായും മനസിലാക്കാൻ കഴിഞ്ഞത് തങ്ങളുടെ ഭാഗ്യം.  വീടുകൾ പണിത് വില്ക്കുന്ന ജോ ആദ്യം പണിത വീടും അവസാനം പണിത വീടും വില്ക്കാതെ സൂക്ഷിച്ചിരിക്കുന്നു മക്കൾ. 

ജോ, അറിയുന്നുണ്ടോ .... നേഴ്സിംഗ് ഹോമിലേക്ക് മാറ്റണം എന്ന് ഡോക്ടർമാർ സാമിനോട് പറഞ്ഞിരിക്കുന്നു. സുനിതയെ കൊണ്ട് മാത്രം ഇനി എന്റെ കാര്യങ്ങൾ നോക്കാനാവില്ലെന്ന്.... എപ്പോഴും ഡോക്ടർമാരുടെ ശ്രദ്ധ വേണമെന്ന്... മൾട്ടിപ്പിൾ മൈലോമ എന്നെ പൂർണമായും കീഴടക്കി കഴിഞ്ഞിരിക്കുന്നു ജോ... വേദനയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും താഴ്‌വാരത്തിലെ ലില്ലിപ്പൂക്കൾ എന്നെ നോക്കി സ്നേഹത്തോടെ പുഞ്ചിരിക്കുകയാണ്.... സുനിതയെ വേണമെങ്കിൽ തിരിച്ചയച്ചോളൂ എന്നു ഡോക്ടർ പറഞ്ഞതായി റോസ് പറഞ്ഞു. സ്നേഹത്തിന്റെ ആ ലില്ലിപ്പൂവിനെ ഞാൻ എങ്ങിനെ പിഴുതെറിയും ജോ... നേഴ്സിംഗ് ഹോമിൽ എന്റെ കൂടെ അവളും വേണമെന്ന് ഞാൻ പറഞ്ഞത് കേട്ടപ്പോഴാണ് മക്കൾക്കും സമാധാനമായത്. 

മെക്സിക്കോയിൽ നിന്നും റോസും ആൽബർട്ടയിൽ നിന്ന് സാമും അടിക്കടി വരുന്നുണ്ടെങ്കിലും എനിക്ക് കൂട്ട് സുനിതയല്ലേയുള്ളൂ... ഒരു വർഷമേ ആയിട്ടുള്ളൂവെങ്കിലും ആ കുട്ടി ജീവിതത്തിന്റെ ഒരു ഭാഗമായി കഴിഞ്ഞിരിക്കുന്നു. എന്റെ ശാഠ്യങ്ങൾക്കും വാശികൾക്കുമെല്ലാം പുഞ്ചിരിയോടെ വഴങ്ങുന്നു അവൾ.... ആശുപത്രിയിലെ ഡോക്ടർമാർക്കും അവളെ വലിയ കാര്യമാണ്.  പലതും ഞാൻ മറക്കുന്നു ജോ....  പക്ഷേ, എന്റെ കാര്യങ്ങൾ കൃത്യമായും ഡോക്ടറോട് പറയാനും ഉപദേശം തേടാനും സുനിത മറക്കാറില്ല. 

ഇനി നമ്മുടെ വീട്ടിൽ താമസിക്കുന്നത് സുരക്ഷിതമല്ലെന്ന് ഡോകടർ പറയുന്നു.... എപ്പോഴും ഡോക്ടർമാരുടെ ശ്രദ്ധയും പരിചരണവും വേണമത്രേ.... നാളെ കഴിഞ്ഞ് നേഴ്സിംഗ് ഹോമിലേക്ക് പോവുകയാണ്.... ഇനിയൊരു മടക്കമില്ലാത്ത യാത്ര....

"നമുക്ക് പോകണ്ടേ അമ്മച്ചീ... " കവിളിൽ തലോടിയുള്ള സുനിതയുടെ ചോദ്യം കേട്ട് കണ്ണു തുറന്നു.

"ഉം... പോകാം...."  ആ കൈകളിൽ താങ്ങി വാതിൽക്കലേക്കു നടക്കുമ്പോഴേക്ക്  ഒരു പഞ്ഞിത്തുണ്ടായി സാറ , സുനിതയുടെ തോളിലേക്ക് ചാരി..... 

------------------------------------------------------------------------------------------------------------

കൊണ്ടു പോകാനുള്ള പെട്ടികൾ ഒരുക്കുകയാണ് സുനിത. സാമും റോസും ഇന്നലെ തന്നെ എത്തിയിരിക്കുന്നു. സാറ തന്നെ സാമിന് ഇഷ്ടപ്പെട്ട ഗ്രിൽ ചെയ്ത  ചിക്കനും  വെണ്ണയും പാലും ചേർത്ത് ഉടച്ചെടുത്ത ഉരുളക്കിഴങ്ങും റോസിനു വേണ്ടി ബ്രെഡും മീനും ബേക്ക് ചെയ്തെതും ഉണ്ടാക്കി. അത്താഴ മേശ ഭംഗിയായി ഒരുക്കി എല്ലാം വിളമ്പി വെച്ചു. മക്കളും സുനിതയും സന്തോഷം അഭിനയിക്കാൻ നന്നായി പരിശ്രമിക്കുന്നത് കണ്ടിട്ടും കാണാത്ത പോലെ ഇരുന്നത് , ഈ വീട്ടിലെ തന്റെ അവസാന അത്താഴം കഴിയുന്നത്ര മനോഹരമായിരിക്കാൻ വേണ്ടിയാണ്. എന്നിട്ടും ആർക്കും തന്നെ ഭക്ഷണം തൊണ്ടയിൽ നിന്ന് ഇറങ്ങാത്ത പോലെ.... വീടിനുള്ളിൽ നിറയുന്ന നിശബ്ദതയിൽ വേദനയുടെ നിഴൽപ്പാടുകൾ ...  മക്കളും സുനിതയും ശബ്ദം താഴ്ത്തി എന്തൊക്കെയോ പറയുന്നുണ്ട്. വ്യർത്ഥമായി പോകുന്ന വാക്കുകൾ എവിടെയൊക്കെയോ തട്ടി മറിഞ്ഞു വീഴുന്നു....  ജോ വന്ന് കൈ പിടിച്ചതിന്റെ തണുപ്പ് ഇപ്പോഴും അറിയുന്നുണ്ട്.


സാറയുടെ മരുന്നുകളുമായി മുറിയിലേക്കു വന്ന സുനിത, തന്നെക്കാൾ മുൻപേ മുറിയിൽ വന്നു പോയ മരണത്തിന്റെ തണുപ്പിൽ മരവിച്ചു നിന്നു... !!













Related Posts Plugin for WordPress, Blogger...