Monday, October 5, 2015

പാട്ടുപാലത്തിലൂടെ കൽക്കട്ടയിലേക്കൊരു യാത്ര


ശ്രീമതി.മിംലു സെന്നിന്റെ 'ബാവുൾ ജീവിതവും സംഗീതവും' വായിച്ച് കൽക്കത്തയിലേക്ക് , പ്രത്യേകിച്ച് ബാവുൾ സംഗീതമേള നടക്കുന്ന കെന്ദുളിയിലേക്ക് ഒരു യാത്ര പോകണമെന്ന് ആശിച്ചിരുന്നതാണ്. എന്നാൽ അതങ്ങിനെ നീണ്ടു നീണ്ടു പോയ്‌ക്കൊണ്ടിരുന്നു. പിന്നത്തേക്ക് മാറ്റി വെച്ച ആഗ്രഹങ്ങളുടെ പട്ടികയിൽ  സ്ഥാനം പിടിച്ച ആ യാത്രയും ഓർമയിൽ നിന്നും മങ്ങി മങ്ങിപ്പോയിക്കൊണ്ടിരുന്നു. അപ്പോഴാണ് വി.മുസഫർ അഹമ്മദിന്റെ 'ഏക്‌താരയിലെ പാട്ടുപാലങ്ങൾ' എന്ന പുസ്തകവുമായി മുബി വരുന്നത്.   

പാട്ടു പാലത്തിലൂടെ സഞ്ചരിച്ച് ഞാൻ എത്തിച്ചേർന്നത് ആറു വർഷത്തെ കൽക്കട്ട (അന്ന് കൊൽക്കൊത്ത ആയി മാറിയിരുന്നില്ല) ജീവിതത്തിലേക്കാണ്. ജീവിതാനുഭവങ്ങളുടെ ആദ്യ പാഠങ്ങളിലേക്കാണ്. കണ്ണീരും ചിരിയും ഇടചേർന്ന നാളുകളിലേക്കാണ്...

ഓർമകളുടെ പ്രവാഹത്തിന് മഴക്കാലത്തെ ഹൂഗ്ലിയെക്കാൾ വേഗമായിരുന്നു, അടിത്തട്ട് കലങ്ങി മറിഞ്ഞ് , എല്ലാം കൂടെ ഒന്നിച്ച് .... റിക്ഷാ വാലകൾ, പാൽക്കാരൻ, ജോലിക്കാരികൾ, സുഹൃത്തുക്കൾ, ബാബറി മസ്ജിദ് കലാപം, സിനിമാശാലയുടെ മുന്നിലെ കൊലപാതകം, ജീവിതം പിടിച്ചു പറിച്ചു കൊണ്ട് പോയവർ ..... എല്ലാമെല്ലാം .... 

എന്നാൽ, എല്ലാത്തിനും മീതെ തെളിഞ്ഞു വന്നൊരു മുഖമാണ് കമലയുടേത്. ബംഗാളിന്റെ  ഗ്രാമീണ ജീവിതത്തിന്റെ, സംഗീതത്തിന്റെ വഴികളിലൂടെ എന്നെ കൊണ്ടു പോയത് കമലയാണ്. 
കൽക്കട്ടയിലെ   ജീവിതകാലത്ത് വീട്ടുജോലികളിൽ സഹായിക്കാൻ വന്നിരുന്ന കമല തികച്ചും ഒരു ഗ്രാമീണ സ്ത്രീയായിരുന്നു. അവരോടു സംസാരിച്ചാണ് ബംഗാളി സംസാരിക്കാൻ പഠിച്ചത്. കാരണം, കമലക്ക് ഹിന്ദി അറിയില്ലായിരുന്നു. ഒരു ഉൾനാടൻ ഗ്രാമത്തിൽ നിന്നും ഭാഗ്യം തേടി കൽക്കട്ടയിൽ  എത്തിയ കുടുംബത്തിലെ മരുമകളായിരുന്നു കമല.  ഒരു കൌമാരക്കാരി പെണ്‍കുട്ടി എന്നേ അവളെ കണ്ടാൽ തോന്നൂ, എന്നാൽ 9,8,6,3,1  എന്നിങ്ങിനെ പ്രായമുള്ള അഞ്ചു മക്കളുടെ അമ്മയായിരുന്നു അന്നവൾ.... സാരിത്തലപ്പിനാൽ മുഖം മറച്ച്, അരയിൽ നിറയെ താക്കോൽക്കൂട്ടവുമായി , കാലിലെ ചിലമ്പിൽ നിന്നും സംഗീതം പൊഴിച്ചു കൊണ്ട് അവൾ വരുന്നത് കണ്ടാൽ, ഏതോ പെയിന്റിങ്ങിൽ നിന്നും ഇറങ്ങി വരികയാണെന്നേ തോന്നൂ...  അവരുടെ ആദ്യ ജോലിക്കായിട്ടാണ് എന്റെയടുത്ത് എത്തിയത്.  വളരെ മനോഹരമായി പാട്ടുകൾ പാടുമായിരുന്നു കമല. മിക്കതും നാടൻപാട്ടുകൾ....  അവർ പാടിയിരുന്നതിൽ ബാവുൾ ഗാനങ്ങൾ ഉണ്ടായിരുന്നോ എന്നറിയില്ല, വളരെ ഹൃദ്യമായതും കണ്ണു നിറയ്ക്കുന്നതുമൊക്കെയായിരുന്നു. അർത്ഥം അറിയില്ലെങ്കിലും അവർ പാടുന്നത് കേട്ടാൽ തന്നെ ഹൃദയം നിറഞ്ഞ് കണ്ണിലൂടെ പുറത്തേക്ക് തുളുമ്പുമായിരുന്നു.  സിനിമാഗാനങ്ങൾ അല്ലായിരുന്നതിനാൽ അവളുടെ പാട്ടുകൾ ഏതായിരുന്നു എന്നു പറയാൻ കഴിയുന്നില്ല. 

കണ്ണടച്ചിരുന്ന് പാട്ടു   പാടി നമ്മെ കരയിപ്പിക്കുമെങ്കിലും എപ്പോഴും പ്രസന്നവതിയായിരുന്നു കമല. കമല ജോലികൾ ചെയ്യുന്നത് നോക്കി നിൽക്കുമ്പോൾ ഭക്തിപൂർവ്വം പൂജ ചെയ്യുകയാണോ എന്ന് തോന്നിപ്പോകും. ഞാൻ ഇങ്ങിനെ ബംഗാളിയും ഹിന്ദിയും കലർത്തി  സംസാരിക്കുമ്പോൾ ചിരിച്ചു കൊണ്ട് തെറ്റു തിരുത്തിത്തരുന്ന ക്ഷമയുള്ള അധ്യാപികയായി മാറും അവൾ. 

എന്നെ ബംഗാളി പാചകം പഠിപ്പിച്ചതും കമലയാണ്. ഉരുളക്കിഴങ്ങ് ചേർത്ത് വെച്ച മീൻ കറിയോട് കേരളത്തിൽ നിന്നു ചെന്ന എനിക്ക് ഒരുമാതിരി യ്യേ ... എന്ന മനോഭാവമായിരുന്നു. പക്ഷേ, കമല അതുണ്ടാക്കി തന്നപ്പോഴാണ്‌ രുചിയുടെ മായാലോകം തീർക്കാൻ ഉരുളക്കിഴങ്ങിനും കഴിയുമെന്ന് തിരിച്ചറിയുന്നത്‌. കഷണങ്ങളാക്കിയ റൂയ് മാചറും ഉരുളക്കിഴങ്ങും  ഉപ്പും മഞ്ഞളും പുരട്ടി  വെച്ച് കടുകെണ്ണയിൽ പാതി വറുത്തെടുത്തു, അതേ എണ്ണയിലേക്ക് ജീരകം പൊട്ടിച്ച് കല്ലിൽ വെച്ച് അരച്ചെടുത്ത ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് പേസ്റ്റ് വഴറ്റി  അരിഞ്ഞു വെച്ച തക്കാളിയും ഉള്ളിയും ചേർത്തു വീണ്ടും വഴറ്റി മഞ്ഞൾപ്പൊടിയും മുളകുപൊടിയും ജീരകപ്പൊടിയും ചേർത്ത് നന്നായി വീണ്ടും വീണ്ടും വഴറ്റിയെടുത്ത് പാകത്തിന് വെള്ളവും ഉപ്പും ചേർത്ത് തിളക്കുമ്പോൾ വറുത്തു വെച്ചിരിക്കുന്ന ഉരുളക്കിഴങ്ങും മീനും ചേർത്ത് അടച്ചു വെച്ച് ചെറുതീയിൽ പാകപ്പെടുത്തിയെടുക്കുന്നതിന്റെ രുചിയോർത്ത് ഇപ്പോഴും നാവിലെ രസമുകുളങ്ങൾ തരിക്കുന്നുണ്ട്.....   

ഞാൻ ഗർഭിണിയായിരുന്ന കാലത്തായിരുന്നു കമലയുടെ സ്നേഹവും ആത്മാർത്ഥതയും ഹൃദയത്തെ തൊട്ടു വിളിച്ചത്. എന്നും എന്തെങ്കിലുമൊക്കെ എനിക്കായി കൊണ്ടു വരും അവൾ. ഒന്നുമില്ലെങ്കിലും ഒരു കുഞ്ഞു പൂവെങ്കിലും വഴിയിൽ നിന്നും പറിച്ചു കൊണ്ടു വരും. വൈകുന്നേരങ്ങളിൽ നിർബന്ധിച്ചു നടക്കാൻ കൊണ്ടു പോകും. പാർക്കിലെ കുഞ്ഞുങ്ങളുടെ കളിയും ബഹളവും ഒക്കെ കണ്ട് പതിയെ ഞങ്ങൾ മടങ്ങും. അവളുടെ ഗ്രാമീണ ബംഗാളി എനിക്ക് മനസിലാകുന്നില്ല എന്നതൊന്നും കമലക്ക് ഒരു പ്രശ്നമേ ആയിരുന്നില്ല. നല്ലൊരു ശ്രോതാവിനെ കിട്ടിയ സന്തോഷമാണോ എന്തോ അവൾ ഒരുപാട് സംസാരിച്ചിരുന്നു അന്നൊക്കെ.... 

പ്രസവത്തിനായി അമ്മയുടെ അടുക്കലേക്ക് പോയ ഞാൻ അമ്മയുടെയും അമ്മായിയമ്മയുടേയും പരിചരണങ്ങളൊക്കെ കഴിഞ്ഞു തിരിച്ചു വരുമ്പോഴേക്കും അഞ്ചെട്ടു മാസങ്ങൾ കഴിഞ്ഞിരുന്നു. വന്ന ഉടനെ കമലയെയാണ് അന്വേഷിച്ചത്. 

പതിവു പോലെ ചിരിച്ചു കൊണ്ട് കേറിവന്ന കമലക്ക് പക്ഷേ പറയാനുണ്ടായിരുന്നത്, ഒരുപാട് സങ്കടങ്ങളായിരുന്നു. അവളുടെ ഒമ്പതു വയസുകാരി മൂത്ത മകൾക്ക് കല്യാണാലോചന വന്നതും അതിനു സമ്മതിക്കാതെ ആ കുട്ടി വീടു വിട്ടോടിപ്പോയതും ഒക്കെ പറയുമ്പോൾ കമലയുടെ സ്വരത്തിൽ സങ്കടമില്ലായിരുന്നു. എന്നാൽ , മൂത്ത മകൾക്ക് പകരം എട്ടു വയസുകാരിയായ രണ്ടാമത്തവളെയായാലും മതിയെന്ന ചെക്കൻ വീട്ടുകാരുടെ നിർബന്ധത്തിന് ഭർത്താവും അച്ഛനും സമ്മതിച്ചത് പറയുമ്പോൾ അവൾ, വിങ്ങിപ്പൊട്ടുകയായിരുന്നു. 

മക്കൾക്ക് പഠിക്കാൻ കഴിയും എന്നതായിരുന്നു കൽക്കത്തക്ക് വരുമ്പോൾ കമലയുടെയും ഭർത്താവിന്റെയും സ്വപ്നം. എന്നാൽ, അച്ഛന്റെ വരുതിയിൽ നിന്നും പുറത്തു കടക്കാൻ ഭർത്താവിന് ഇനിയും കഴിഞ്ഞിട്ടില്ലെന്നതാണ് സത്യം എന്നു പറഞ്ഞ് കമല, സാരിത്തലപ്പിനാൽ കണ്ണു തുടച്ചു. 

ഒക്ടോബർ 2 - ലെ മാധ്യമത്തിൽ പ്രസിദ്ധീകരിച്ചത്.




Friday, September 4, 2015

ഗുരുക്കന്മാരുടെ പാവനസ്മരണയിൽ ...!



സെപ്റ്റംബര്‍ 5 - അദ്ധ്യാപക ദിനം:
                

ഒന്നാം ക്ളാസ്സിലെ ആദ്യ ദിനത്തിലേക്ക് അമ്മയുടെ കയ്യും പിടിച്ചു ആശങ്കയോടെ കടന്നുചെന്നത് ഇന്നലെയെന്നോണം ഓർമ്മകളിൽ നിറയുന്നു.  അമ്മയുടെ കരവിരുതിൽ വിരിഞ്ഞ വയലറ്റുപൂക്കളും പച്ചഇലകളും കൊണ്ട് മനോഹരമാക്കിയ വെള്ള കോട്ടണ്‍ ഉടുപ്പും ഇട്ട് വലിയ ഗമയിൽ വീട്ടിൽ നിന്നും ഇറങ്ങി. 

 'ഞാൻ സ്കൂളിൽ ചേരാൻ പോവാ' ന്ന് വഴിയിലെ കാക്കയോടും പൂച്ചയോടും മാത്രമല്ല, കിളികളോടും പൂക്കളോടും വരെ വീമ്പുപറഞ്ഞു... അമ്മയോടും അപ്പച്ചിയോടും അവിടെ കിട്ടാൻ പോകുന്ന പുസ്തകങ്ങളെയും കൂട്ടുകാരെയും പറ്റി ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരുന്നു. ... പക്ഷേ, എന്റെ പ്രതീക്ഷകൾക്കു വിപരീതമായി വിവിധ ശ്രുതികൾ ഇടകലർന്ന കരച്ചിലിന്റെ ഗാനമേളയിലേക്കാണ് കാലെടുത്തു വെച്ചത്. ആ ഗാനമേളയിൽ പങ്കു ചേരണോ വേണ്ടയോ എന്നു ശങ്കയിൽ നിൽക്കുമ്പോൾ ചന്ദനക്കുറിയൊക്കെ ഇട്ട്, മുഖം നിറയെ ചിരിയുമായി വന്ന ഒരു സുന്ദരി കൈയിൽ പിടിച്ചു കൊണ്ടുപോയി മുൻബെഞ്ചിൽ ഇരുത്തി. അടുത്ത്, ഏങ്ങിയേങ്ങി കരഞ്ഞുകൊണ്ടിരുന്ന കുട്ടിയുടെ കവിളിൽ ഒന്നു  തലോടി ,'യ്യേ, ചുന്നരിക്കുട്ടി ങ്ങിനെ കരയ്യേ ... ' എന്നു പറഞ്ഞ് വീണ്ടും വാതിൽക്കലേക്കു  പോയി.... അതായിരുന്നു പ്രഭാവതി ടീച്ചർ ...!! പേരുപോലെ പ്രഭ പരത്തി കുട്ടികളുടെ പ്രിയ അദ്ധ്യാപികയായി മാറിയ ടീച്ചറിന്റെയും ആദ്യദിനമായിരുന്നു അതെന്നറിയാൻ പിന്നെയും വർഷങ്ങൾ ഒരുപാടു വേണ്ടിവന്നു.... കാലം ഓടിയോടി പോകുന്നതിനിടയിൽ പ്രഭാവതി ടീച്ചറുടെ ഒന്നാം ക്ലാസ്സിലൂടെ ആയിരക്കണക്കിന് കുട്ടികൾ അറിവിന്റെ ലോകത്തേക്ക് കരഞ്ഞുകൊണ്ടു  കയറി വരികയും ചിരിച്ചു കൊണ്ടിറങ്ങിപ്പോവുകയും ചെയ്തു.... !

കാലചക്രം കറങ്ങി വന്നപ്പോൾ ,അതേ സ്കൂളിൽ അദ്ധ്യാപികയായി. ആദ്യദിവസത്തെ അസംബ്ളിയിൽ കുട്ടികൾക്കു പുതിയ അദ്ധ്യാപികയെ പ്രഭാവതിടീച്ചർ പരിചയപ്പെടുത്തിയത്, 'വയലറ്റുപൂക്കളും പച്ച ഇലകളും കൊണ്ട് മനോഹരമാക്കിയ വെള്ള കോട്ടണ്‍ ഉടുപ്പും ഇട്ട് അമ്മയുടെ കയ്യിൽ പിടിച്ചു നിന്ന ബാലികയെ'പ്പറ്റി പറഞ്ഞു കൊണ്ടായിരുന്നു.... ആദ്യാക്ഷരം പകർന്നു തന്ന ഗുരുക്കൻമാരോടൊപ്പം അതേ വിദ്യാലയത്തിൽ പഠിപ്പിക്കാൻ കഴിഞ്ഞത് മഹാഭാഗ്യമായി കരുതുന്നു....  

തെറ്റുകൾ ചൂണ്ടിക്കാണിച്ച് തിരുത്താൻ വേണ്ടി വഴക്കു പറയുമ്പോഴും സ്നേഹവും കാരുണ്യവും ലോപമില്ലാതെ വിദ്യാർത്ഥികളിലേക്ക് ചൊരിഞ്ഞ എല്ലാ അദ്ധ്യാപകർക്കും മുന്നിൽ നന്ദിയുടെ കൂപ്പുകൈകളുമായി ... !



Sunday, August 23, 2015

പൊന്നോണം വരവായി.... നാടെങ്ങും ഉത്സവമായി ....


ഐശ്വര്യത്തിന്റെയും സന്തോഷത്തിന്റെയും സ്മരണയും തിമിർപ്പുമായി ഓണം ഇങ്ങെത്തുകയായി. പ്രവാസ മലയാളികൾക്കാണെങ്കിൽ ഗൃഹാതുരത ഏറുന്ന സമയവും....

ഓണം എന്ന ആഘോഷത്തിനു പിന്നിൽ നിരവധി ഐതിഹ്യങ്ങൾ ഉണ്ടെങ്കിലും മുഖ്യമായത്  മഹാബലിയുമായി ബന്ധപ്പെട്ടതു തന്നെ. അസുര വംശത്തിൽപ്പെട്ട വീരോചനന്റെയും ദേവാംബയുടെയും പുത്രനും  ഭക്ത പ്രഹ്ലാദന്റെ പൗത്രനുമായിരുന്നു മഹാബലി ... മഹാവിഷ്ണുവിന്റെ മിക്ക അവതാരങ്ങളും  മഹാബലിയുടെ മുൻഗാമികളെയോ പിൻഗാമികളെയോ വധിക്കാൻ വേണ്ടിയായിരുന്നു . മുതുമുത്തശ്ശനായ   ഹിരണ്യകശുപുവിനെ വധിക്കാൻ  വന്ന നരസിംഹാവതാരം   മുതൽ പൗത്രനായ രാവണനെ വധിക്കാൻ വന്ന ശ്രീരാമൻ വരെ. തിന്മകൾക്കെതിരെ  പോരാടാനായിരുന്നു മഹാവിഷ്ണുവിന്റെ ആ അവതാരങ്ങളെല്ലാം. 

എന്നാൽ, മഹാബലി ഇവരിൽ നിന്നൊക്കെ വ്യത്യസ്തനായി, തന്റെ പ്രജകളെ സ്നേഹിച്ചും അവർക്കായി നല്ല കാര്യങ്ങൾ ചെയ്തും നല്ല ഭരണാധികാരിയായി പേരെടുത്തു. കള്ളവും ചതിയും ഇല്ലാത്ത നാട്, സമ്പൽസമൃദ്ധിയും ഐശ്വര്യവും  നിറഞ്ഞു നിൽക്കുന്ന നാട്, അതായിരുന്നു മഹാബലിയുടെ  നാട്  .... 

അങ്ങിനെയിരിക്കെ, ശുക്രാചാര്യരുടെ ഉപദേശപ്രകാരം അശ്വമേധയാഗം നടത്താൻ മഹാബലി തീരുമാനിക്കുന്നു.  അതിലൂടെ സർവലോകത്തിന്റെയും നാഥനായി തീരുമെന്നാണ് ശാസ്ത്രം.  ഇതറിഞ്ഞ ദേവന്മാർ മഹാവിഷ്ണുവിനെ അഭയം പ്രാപിക്കുകയും ദേവലോകത്തെ രക്ഷിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു. എന്നും മനസലിവുള്ള മഹാവിഷ്ണുവാകട്ടെ സഹായിക്കാമെന്ന് ഏൽക്കുകയും ചെയ്തു. അങ്ങിനെ ബ്രാഹ്മണബാലനായി  വാമനാവതാരം എടുത്തു വന്ന മഹാവിഷ്ണു , ദാനശീലനായ മഹാബലിയോടു മൂന്നടി വെക്കാനുള്ള സ്ഥലം ചോദിച്ചു. ആദ്യത്തെ കാലടിയിൽ ഭൂമിയും പാതാളവും രണ്ടാമത്തെ അടിയിൽ സ്വർഗ്ഗവും അളന്നു തീർത്ത വാമനൻ മൂന്നാമത്തെ അടി വെക്കാൻ ഇടം തേടുകയും മഹാബലി തന്റെ ശിരസ് കാണിച്ചു കൊടുക്കുകയും ചെയ്തു. മഹാബലിയുടെ ശിരസ്സിൽ കാൽ വെച്ച് മൂന്നാമത്തെ അടിയും അളന്നുതീർത്തു വാമനൻ . വിഷ്ണു ഭക്തനായ മഹാബലിയെ സ്വർഗത്തിലേക്ക് കൊണ്ട് പോകുന്നതിനു മുൻപ് അദ്ദേഹത്തിനായി  സൃഷ്ടിച്ച പാതാളത്തിൽ വാഴാൻ വാമനനായ മഹാവിഷ്ണു മഹാബലിയോട് ആവശ്യപ്പെട്ടു. പാതാളത്തിലേക്ക്‌ പോകുന്നതിനു മുൻപ്, വർഷത്തിൽ ഒരിക്കലെങ്കിലും തന്റെ പ്രജകളെ വന്നു കാണാൻ അവസരം തരണമെന്ന മഹാബലിയുടെ അപേക്ഷ മഹാവിഷ്ണു അനുവദിക്കുകയും അങ്ങിനെ വർഷം തോറും നാടു കാണാൻ മഹാബലി എത്തുകയും ചെയ്യുന്നു. അതാണ് ഓണത്തിന് പിന്നിലെ പ്രധാന ഐതിഹ്യം. ഭാഗവതം  മഹാപുരാണത്തിൽ  എട്ടാം പുസ്തകം  പതിനെട്ടാം അദ്ധ്യായത്തിൽ ഇതിനെപ്പറ്റി  പ്രതിപാദിച്ചിട്ടുണ്ട്. 


ഇങ്ങിനെ മഹാബലി തന്റെ പ്രജകളെ കാണാൻ എത്തുന്നത്‌ ചിങ്ങമാസത്തിലെ തിരുവോണ നാളിലാണ് എന്നാണ് വിശ്വാസം. ചിങ്ങം, വിളവെടുപ്പിന്റെ മാസം കൂടിയാണ്. അപ്പോൾ നാടെങ്ങും വിളവെടുപ്പിന്റെ ആഹ്ലാദാരവങ്ങളായിരിക്കും. ഇല്ലവും വല്ലവും നിറയുന്ന സമയം കൂടിയാണത് . ആഘോഷങ്ങൾക്ക് പറ്റിയ സമയം. ചിങ്ങത്തിൽ മഹാബലി എത്തുന്ന തിരുവോണത്തിന് മുന്നോടിയായി കർക്കിടകത്തിലെ തിരുവോണം, 'പിള്ളേരോണം' ആയി ആഘോഷിക്കുന്നു. മഹാബലിയെ നിഗ്രഹിക്കാൻ എത്തിയ മഹാവിഷ്ണുവിന്റെ അനുസ്മരണയാണ് കർക്കിടകത്തിലെ ഓണം. മഹാവിഷ്ണു, മഹാബലിയെ കാണാൻ എത്തിയത് ബാലരൂപത്തിൽ ആയതിനാലാണ് കർക്കിടകത്തിലെ തിരുവോണത്തെ  'പിള്ളേരോണം' എന്നു വിളിക്കുന്നത്‌. എറണാകുളം ജില്ലയിലെ തൃക്കാക്കരയിലാണ് വാമന മൂർത്തിയുടെ ക്ഷേത്രം. അതിനാലാണ് വാമനനെ തൃക്കാക്കരയപ്പൻ എന്നു വിളിക്കുന്നത്‌. ഓണത്തിന് തൃക്കാക്കരയപ്പനെയാണ് പൂജിക്കുന്നത് എന്നതിനാൽ 'ഓണത്തപ്പൻ' എന്നും പറയാറുണ്ട്. 

തൃപ്പൂണിത്തുറയിൽ നടത്തപ്പെടുന്ന 'അത്തച്ചമയം' എന്ന ഘോഷയാത്രയോടെയാണ് കേരളത്തിൽ ഓണാഘോഷങ്ങളുടെ തുടക്കം.  വര്‍ണങ്ങള്‍ നിറഞ്ഞ ഘോഷയാത്ര നയനാനന്ദകരമാണ്. സ്കൂള്‍ കുട്ടികളുടെ ബാന്‍ഡ്,  ചെണ്ടമേളം, പഞ്ചവാദ്യം, ആട്ടക്കാവടി, തെയ്യം, കുമ്മി, പൊയ്ക്കാല്‍ക്കളി തുടങ്ങിയ    നൃത്ത രൂപങ്ങള്‍ , കേരളത്തനിമയുള്ള വസ്ത്രങ്ങള്‍ ധരിച്ച യുവതീയുവാക്കള്‍ , വിവിധ കലാരൂപങ്ങള്‍ , അലങ്കരിച്ച ആനകള്‍ , ആനുകാലിക സംഭവങ്ങളില്‍ നിന്നും ചരിത്രങ്ങളില്‍ നിന്നും   രൂപം കൊള്ളുന്ന ഫ്ലോട്ടുകള്‍ .... അങ്ങിനെ കണ്ണിനും മനസ്സിനും കുളിര്‍മ നല്‍കുന്ന പലതരം കാഴ്ചകളുടെ ഘോഷയാത്രയാണ് അത്തച്ചമയം. കൊച്ചി മഹാരാജാവ് തൃക്കാക്കരയപ്പനെ ദര്‍ശിക്കാന്‍ പരിവാരങ്ങളോടൊപ്പം പോകുന്നതിന്റെ ഓര്‍മ്മക്കായാണ് പണ്ട് ഈ അത്തച്ചമയം ആരംഭിച്ചതെന്ന് ചരിത്രം പറയുന്നു. മഹാരാജാവിന്റെ നേതൃത്വത്തില്‍ തൃപ്പൂണിത്തുറയില്‍ നിന്നും ആരംഭിക്കുന്ന ഘോഷയാത്ര തൃക്കാക്കര വാമനമൂര്‍ത്തി ക്ഷേത്രനടയിലാണ് അവസാനിച്ചിരുന്നത്. അന്നേ ദിവസം എല്ലാ പ്രജകളും  മഹാരാജാവിനെ അടുത്ത് കാണാനായി വീഥിയുടെ ഇരുവശത്തും കാത്തുനില്‍ക്കുമായിരുന്നത്രേ. രാജഭരണം അവസാനിച്ചിട്ടും തൃപ്പൂണിത്തുറയിലെ ജനങ്ങള്‍ അത്തച്ചമയത്തെ കൈവിട്ടില്ല. ഓണാഘോഷത്തിനു മുന്നോടിയായി നടക്കുന്ന ഈ ഘോഷയാത്ര, തൃപ്പൂണിത്തുറ നഗരിയെ  വലം വെച്ച് ഗവണ്‍മെന്റ് ബോയ്സ് സ്കൂള്‍ മൈതാനത്ത്‌ എത്തിച്ചേരുന്നു. ഇപ്പോള്‍ സര്‍ക്കാര്‍ തലത്തില്‍ ഏറ്റെടുത്തു നടത്തുന്നതിനാല്‍ 'അത്തച്ചമയം' 'അത്താഘോഷം' ആയി മാറിയെങ്കിലും തൃപ്പൂണിത്തുറയിലും പരിസരപ്രദേശങ്ങളിലും ഉള്ളവര്‍ക്ക് ഇന്നും അത്തച്ചമയം തന്നെ ഓണാഘോഷത്തിന്റെ തുടക്കം. 

ചിങ്ങമാസത്തിലെ അത്തം മുതൽ പത്തു ദിവസമാണ് ഓണം.  അത്തം മുതല്‍ പൂക്കളം ഇട്ടു തുടങ്ങും. അന്ന് ഒരു നിറത്തിലെ പൂ മാത്രം. അത്തത്തിനു തുമ്പപ്പൂ ആണ് ഇടുക. തുമ്പപ്പൂ കുഞ്ഞുപൂവായതിനാല്‍ അന്നത്തെ പൂക്കളവും ചെറുതായിരിക്കും. രണ്ടാം ദിവസം രണ്ടു നിറം, മൂന്നാം ദിവസം മൂന്നു നിറം, അങ്ങിനെ തിരുവോണ ദിവസമായ  പത്താംനാള്‍ പത്തു തരം പൂക്കളുമായി വലിയൊരു പൂക്കളവും നടുക്ക് ചെമ്മണ്ണു   നനച്ച്   തൃകോണാകൃതിയില്‍ ഉണ്ടാക്കിയ തൃക്കാക്കരയപ്പനെയും  വെക്കും. ഓരോ ദിവസവും തൃക്കാക്കരയപ്പന്റെ വലുപ്പവും വ്യത്യാസപ്പെടും. തൃക്കാക്കര വരെ പോയി വാമനമൂർത്തിയെ പൂജിക്കാൻ എല്ലാവർക്കും സാധിക്കാതെ വന്നപ്പോൾ അവരവരുടെ മുറ്റത്ത്‌ പൂക്കളമുണ്ടാക്കി അതിൽ തന്നെ പ്രതിഷ്ഠിച്ച് ആരാധിച്ചു കൊള്ളാൻ തൃക്കാക്കരയപ്പൻ അനുവദിച്ചുവെന്നും പൂക്കളം ഇടുന്നതിനു പിന്നിൽ ഐതിഹ്യമുണ്ട്. ഇന്ന്, വിവിധ രൂപത്തിലും വലുപ്പത്തിലും പൂക്കളങ്ങൾ ഉണ്ടാക്കുന്നതും അവയുടെ മത്സരങ്ങൾ സംഘടിപ്പിക്കുന്നതും സാധാരണമായിട്ടുണ്ട്. 

തിരുവോണ ദിവസം തൃക്കാക്കരയപ്പന് അടയും പായസവും നേദിച്ചതിന് ശേഷമാണ്  ഓണസദ്യ ആരംഭിക്കുക.  ഓണത്തിന് വിവിധ വിഭവങ്ങളുമായി തൂശനിലയിലാവും സദ്യ. കാളൻ, ഓലൻ, തോരൻ, കിച്ചടി, പച്ചടി, അവിയൽ, പരിപ്പ്, സാമ്പാർ, രസം, പുളിശ്ശേരി, നാരങ്ങാക്കറി, മാങ്ങാക്കറി , ശർക്കരവരട്ടി, ഉപ്പേരി, പപ്പടം, പഴം, പായസം തുടങ്ങിയവയെല്ലാം ഓണസദ്യയിലെ ഒഴിച്ചു കൂടാനാവാത്ത വിഭവങ്ങളാണ്.  മിക്ക സ്ഥലങ്ങളിലും പച്ചക്കറി സദ്യക്കാണ് പ്രാമുഖ്യമെങ്കിലും വടക്കൻ കേരളത്തിലെ ചിലയിടങ്ങളിൽ മത്സ്യമാംസാദികളും ഓണസദ്യയിൽ കാണാറുണ്ട്‌. 

സദ്യ കഴിഞ്ഞാൽ പിന്നെ എല്ലാവരും വീടുകളിൽ നിന്നും ഇറങ്ങുകയായി.അടുത്തുള്ള മൈതാനങ്ങളിൽ ഒത്തു കൂടുന്നു. കൈകൊട്ടിക്കളി, പുലി കളി തുടങ്ങിയ വിനോദങ്ങൾ ഓണക്കാലത്തിന്റെ സവിശേഷതയാണ്. ഊഞ്ഞാലാട്ടം മറ്റൊരു വിനോദമാണ്. മുറ്റത്തെ മാവിൽ ഊഞ്ഞാൽ കെട്ടുന്നത് മുതൽ തിമിർപ്പു തന്നെയാവും കുട്ടികൾ.   ഓണക്കാലത്തെ മറ്റൊരു വിനോദമാണ്‌ വള്ളംകളി. കൊതുമ്പുവള്ളങ്ങളിൽ പാട്ടുംപാടി ഒരുമിച്ചു തുഴഞ്ഞു പോകുന്നതായിരുന്നു പണ്ടൊക്കെ വള്ളംകളി. ഓണപ്പാട്ടിന്റെ ശീലുകളുമായി വള്ളംകളിയും ഇന്ന് മത്സരക്കളിയായി  മാറിയിരിക്കുന്നു. 

കേരളത്തിൽ ജീവിക്കുന്ന മലയാളികളെക്കാൾ പ്രവാസി  മലയാളികളാവും ഓണത്തെ ഒത്തൊരുമയോടെ ആഘോഷിക്കുന്നത്. ഓണസദ്യക്കുള്ള പച്ചക്കറികൾ നുറുക്കാനും സദ്യവട്ടങ്ങൾ ഒരുക്കാനും  ഒരു കുടുംബം പോലെ പലരും അസോസിയേഷനുകളിൽ ഒത്തുകൂടി ഓണത്തെ ശരിക്കും ഒരു ഉത്സവമാക്കി മാറ്റുന്ന കാഴ്ചകൾ വിവിധ നാടുകളിൽ കാണാം. നാട്ടിലാണെങ്കിൽ ഓണസദ്യ കേറ്ററിംഗ്കാർക്ക് കൈമാറിക്കഴിഞ്ഞു. അതിനാൽ പഴയതു പോലെ, അടുത്ത വീട്ടിലെ പായസത്തിന്റെ രുചിയറിയാൻ കുട്ടികളാരും തന്നെ അങ്ങോട്ടോ ഇങ്ങോട്ടോ ഓടുന്നില്ല. നിന്റെ വീട്ടിൽ എന്തു പായസമായിരുന്നു എന്ന അന്വേഷണവുമില്ല. ഒരുപക്ഷേ, ഇതാവുമോ 'മാവേലി നാടു വാണീടും കാലം മാനുഷരെല്ലാമൊന്നു പോലെ' എന്നതിന്റെ പൊരുൾ...?  

എവിടെയായാലും മലയാളിക്ക് ഓണം എന്നും ഗൃഹാതുരതയാണ്. ഒരുമയുടെയും സ്നേഹത്തിന്റെയും  ഒരുപാട് രുചികളുടെയും ഓർമ്മകൾ സമ്മാനിക്കുന്ന ഗൃഹാതുരത.... അതേ, ഓർമ്മകൾ കൂടുകൂട്ടിയ മനസിന്റെ ചില്ലയിൽ നിന്നും അനേകം ഓർമ്മപ്പക്ഷികൾ ചിറകടിച്ചുയരുന്നു ഈ ഓണക്കാലത്തും... ജയ്‌ഹിന്ദിന്റെ എല്ലാ വായനക്കാർക്കും സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും സമൃദ്ധിയുടെയും നിറകതിരുകളാകട്ടെ ഈ ഓണക്കാലവും .... !! 

ജയ്‌ഹിന്ദ്‌ വായനക്കാരോടൊപ്പം എന്റെ പ്രിയ സുഹൃത്തുക്കൾക്കും ഓണാശംസകൾ ...!
Related Posts Plugin for WordPress, Blogger...