Saturday, July 27, 2013

ആംസ്റ്റർഡാമിലെ സൈക്കിളുകൾ - രാജു റാഫേൽ




സൈക്കിളുകൾ തങ്ങളുടെ ആത്മാവിന്റെ ഭാഗമാക്കിയ ഒരു ജനതയെക്കുറിച്ച് ശ്രീ. രാജു റാഫേലിന്റെ അനുഭവമാണ് ആംസ്റ്റർഡാമിലെ സൈക്കിളുകൾ. മനുഷ്യരില്ലാത്ത ഒരു ലോകത്ത് ജീവിക്കാൻ പക്ഷികൾക്ക് കഴിയും. എന്നാൽ പറവകളില്ലാത്ത ഒരു ലോകത്തെക്കുറിച്ച് ചിന്തിക്കാൻ പോലും മനുഷ്യർക്കാവില്ലെന്ന ആഫ്രിക്കൻ പഴമൊഴി പോലെ സൈക്കിളുകൾ ഇല്ലാത്ത ഒരു ലോകത്തെക്കുറിച്ച് ചിന്തിക്കാൻ പോലും ഡച്ചുകാർക്കാവില്ല എന്ന് ഈ പുസ്തകത്തിലൂടെ അദ്ദേഹം കാണിച്ചു തരുന്നു . 

ഹോളണ്ടിൽ സാധാരണ തൊഴിലാളി മുതൽ ഇപ്പോഴത്തെ ഭരണാധികാരിയായ ബിയാട്രീസ് രാജ്ഞി വരെ നിത്യവും സൈക്കിൾ ഉപയോഗിക്കുന്നവരാണ് . ഏതാണ്ട് കേരളത്തിന്റെ അത്ര വലുപ്പമുള്ള ഹോളണ്ടിന്റെ ഇപ്പോഴത്തെ ജനസംഖ്യ ഒരു കോടി അറുപത്തേഴുലക്ഷമാണ്. ഏറ്റവും പുതിയ കണക്കനുസരിച്ച് ഇവർക്കെല്ലാം കൂടെ ഒരു കോടി നാല്പതു ലക്ഷം സൈക്കിളുകൾ ഉണ്ടത്രേ.  ഈ സൈക്കിളുകൾ എല്ലാം കൂടി പതിനഞ്ചു ബില്യണ്‍ കിലോമീറ്ററുകൾ ഒരു വർഷം സഞ്ചരിക്കുന്നു. ഇതിനേക്കാൾ കുറവാണത്രേ നെതർലാന്റ്സിന്റെ റെയിൽവേയുടെ എല്ലാ ട്രെയിനുകളും കൂടി ഒരു വർഷം ഓടുന്നത്. ശരാശരി ഡച്ചുകാരന്റെ മുപ്പതു മുതൽ നാൽപ്പതു ശതമാനം വരെ യാത്രയും സൈക്കിളിലാണ് .എന്നാൽ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളാണ് സൈക്കിൾ ഉപയോഗിക്കുന്നത് എന്നത് കൗതുകകരം തന്നെ. കേരളത്തിൽ ഒരു മുതിർന്ന സ്ത്രീ സൈക്കിളോടിക്കുക എന്നത് ഇന്നത്തെ സാഹചര്യത്തിൽ അചിന്തനീയം തന്നെ . അതുപോലെ തന്നെ കൌതുകകരമായ മറ്റൊരു വസ്തുത താഴ്ന്ന വരുമാനക്കാരേക്കാൾ ,ഉയർന്ന വരുമാനക്കാരാണ് ജോലിക്കു പോകാനും മറ്റു ആവശ്യങ്ങൾക്കുമായി സൈക്കിളിനെ കൂടുതലായി ആശ്രയിക്കുന്നത്. ഒരാൾ എത്രമാത്രം തന്റെ ഗതാഗത ആവശ്യങ്ങൾക്കായി സൈക്കിൾ ഉപയോഗിക്കുന്നുവെന്നത് അയാളുടെ ചരിത്രപരവും സാംസ്കാരികവുമായ മൂല്യങ്ങളെ ആശ്രയിച്ചിരിക്കുമത്രേ. അതായത്, വിദേശവംശജരായ ഡച്ചുകാർക്കിടയിൽ സൈക്കിൾ ഉപയോഗം താരതമ്യേന കുറവാണ്.  

എന്നാൽ , അറുപതുകളുടെ തുടക്കത്തിൽ ഹോളണ്ടിലും മോട്ടോർവാഹനവിപ്ളവം സംഭവിച്ചു. അതിനെത്തുടർന്ന് മോട്ടോർ വാഹനങ്ങൾ   പെരുകുകയും റോഡുകൾ തിങ്ങി ഞെരുങ്ങുകയും ചെയ്തു. ഇപ്പോൾ കേരളത്തിൽ കാണുന്ന പോലെ സൈക്കിൾ പാവപ്പെട്ടവന്റെ വാഹനമായി മാറുകയും തുടർന്ന് കാറുടമസ്ഥരായ ധനികരും സൈക്കിൾ യാത്രക്കാരായ തൊഴിലാളികളും തമ്മിലുള്ള സംഘട്ടനങ്ങളും ഹോളണ്ടിലെ റോഡുകളിൽ നിത്യസംഭവമായി. ഇതിനൊരു പരിഹാരമെന്ന നിലയിലാണ് സൈക്കിളുകൾക്ക് പ്രത്യേക പാതകൾ - ഫെയറ്റ് പാത്ത്- നിലവിൽ വന്നത്. ഈ മാതൃക നമുക്കും ഒന്നു പരീക്ഷിക്കാവുന്നതാണ് അല്ലെ ...?  

സൈക്കിളിനെ ഒരു ഗതാഗത മാധ്യമം എന്നതിലുപരി ഒരു സംസ്കാരമായി കണക്കാക്കുന്ന ഡച്ച് ജനതയുടെയും സർക്കാരിന്റെയും സംയുക്ത സംരംഭമാണ് ഡച്ച് സൈക്കിൾ എംബസി. ഡച്ചുകാരുടെ പ്രധാന വാഹനമായി സൈക്കിളിനെ നിലനിറുത്തുന്നതിനോടൊപ്പം ഈ സംസ്ക്കാരത്തെക്കുറിച്ച് മറ്റു രാജ്യങ്ങളിലെ ജനങ്ങൾക്ക്‌ അറിവ് പകരുകയും സൈക്കിൾ ഉപയോഗിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഡച്ച് സൈക്കിൾ എംബസി പ്രവർത്തിക്കുന്നത് . ഏതാനും സൈക്കിൾ പ്രേമികൾ രൂപം കൊടുത്ത ആശയത്തോട് സർക്കാരും സഹകരിക്കുകയായിരുന്നു. സൈക്കിളോടിക്കാൻ ലോകത്തിനെ പഠിപ്പിക്കുക എന്നതാണ് അവരുടെ മുദ്രാവാക്യം. 

സൈക്കിൾ നിത്യജീവിതത്തിന്റെ ഭാഗമായതോടെ ഡച്ചുകാരുടെ ശരാശരി ആയുർദൈർഘ്യം വർധിച്ചുവെന്ന് പഠനങ്ങൾ തെളിയിക്കുന്നു. പൊണ്ണത്തടിയും വ്യായാമക്കുറവ് മൂലമുള്ള അസുഖങ്ങളും ഡച്ചുകാരിൽ കുറവായതിന്റെ ക്രെഡിറ്റും സൈക്കിളിനു തന്നെയെന്ന് 'ആംസ്റ്റർഡാമിലെ സൈക്കിളുകൾ' സാക്ഷ്യപ്പെടുത്തുന്നു.  

സൈക്കിൾ ഒരു സംസ്ക്കാരമാണെന്നും അത് പ്രതിനിധാനം ചെയ്യുന്നത് ഒരു ഗാന്ധിയൻ ദർശനത്തെ തന്നെയാണെന്നും ലേഖകൻ ഈ കൃതിയിലൂടെ ഓർമിപ്പിക്കുന്നു. സൈക്കിളിൽ ചുറ്റിക്കണ്ട കാഴ്ചകൾ, ജനത, സംസ്കാരം, അവരുടെ വൈകാരികത എല്ലാം വിശദമായും രസകരമായും മനോഹരമായ ഭാഷയിൽ  ഈ പുസ്തകത്തിൽ പഠനവിധേയമാക്കിയിട്ടുണ്ട്.

ഒരു സൈക്കിളായി പുനർജനിക്കുമെങ്കിൽ അതീ ഹോളണ്ടിൽ തന്നെയാവണം എന്ന കാവ്യാത്മകമായ വരികളിലൂടെ വായനക്കാരേയും ആംസ്റ്റർഡാമിലെ കാട്ടുവഴികളിലൂടെയും ഫെയറ്റ് പാത്തിലൂടെയും സൈക്കിളിൽ ഡബിൾ വെച്ച് കൊണ്ടു പോകുന്നു ലേഖകൻ . ഒരു സൈക്കിളും എടുത്ത് നാട്ടു വഴികളിലൂടെ അലസമായി ഒന്നു ചുറ്റിയടിച്ചു വരാൻ മോഹിപ്പിക്കുന്നു ഈ പുസ്തകം. 


Related Posts Plugin for WordPress, Blogger...